
മാറ്റം ഘട്ടംഘട്ടമായി നടപ്പാക്കും
ന്യൂഡൽഹി: ദീർഘദൂര സർവീസ് നടത്തുന്ന മെയിൽ, എക്സ് പ്രസ് ട്രെയിനുകളിൽ പൂർണമായും എ.സി കോച്ചുകൾ ഉപയോഗിക്കാൻ റെയിൽവേയുടെ തീരുമാനം. 72 സീറ്റുകളുള്ള സ്ലീപ്പർ കോച്ചുകൾ 83 സീറ്റുകളുള്ള എ.സി കോച്ചുകളാക്കി മാറ്റും. റെയിൽവേയുടെ കപൂർത്തല ഫാക്ടറിയിൽ പരീക്ഷണാടിസ്ഥാനത്തിൽ സ്ലീപ്പർ കോച്ചുകൾ എ.സി കോച്ചുകളാക്കി രൂപമാറ്റം വരുത്തുന്ന പ്രവർത്തനം ആരംഭിച്ചു.
മെയിൽ, എക്സ് പ്രസ് ട്രെയിനുകൾ 1,900 എണ്ണം രാജ്യത്താകെ സർവീസ് നടത്തുന്നുണ്ട്. അതിനാൽ ഘട്ടംഘട്ടമായി ഇതു നടപ്പാക്കും.
ടിക്കറ്റ് നിരക്ക് സ്ലീപ്പറിനേക്കാൾ കൂടുതലായിരിക്കുമെങ്കിലും നിലവിലെ എ.സി നിരക്കിനേക്കാൾ കുറവായിരിക്കും.
മെയിൽ, എക്സ് പ്രസ് ട്രെയിനുകളുടെ വേഗത 2023 ഓടെ 130 കിലോ മീറ്ററായും 2025ൽ 160 കിലോ മീറ്ററായും ഉയർത്താനാണ് പദ്ധതിയെന്ന് റെയിൽവേ ബോർഡ് ചെയർമാൻ വി.കെ യാദവ് പറഞ്ഞു. എ.സി ഇതര കോച്ചുകളുമായി നിലവിലെ ട്രെയിനുകൾക്ക് 130 കിലോമീറ്റർ വേഗത്തിൽ ഓടാനാവില്ല. അതിനാൽ, ഈ മാറ്റം ഘട്ടംഘട്ടമായി നടപ്പാക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.