tarayadav

ന്യൂഡൽഹി: ഉത്തർപ്രദേശ് ഉപതിരഞ്ഞെടുപ്പിൽ പീഡനക്കേസ് പ്രതിയെ സ്ഥാനാർത്ഥിയാക്കിയതിനെ ചോദ്യം ചെയ്ത വനിതാ നേതാവ് താരാ യാദവിനെ കോൺഗ്രസ് പ്രവർത്തകർ വളഞ്ഞിട്ട് മർദ്ധിച്ചു. ഇവരെ കൂട്ടം ചേർന്ന് ആക്രമിക്കുന്നതിന്റെ വീഡിയോ വൈറലായി.

കഴിഞ്ഞ ദിവസമാണ് യു.പിയിലെ അഞ്ചു മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാർത്ഥികളെ കോൺഗ്രസ് പ്രഖ്യാപിച്ചത്. ഡിയോറിയ മണ്ഡലത്തിൽ മുകുന്ദ് ഭാസ്‌കർ മണി ത്രിപാദിയാണ് സ്ഥാനാർത്ഥി. ഇയാൾ പീഡനക്കേസിൽ പ്രതിയാണെന്നും ഒരു പീഡനവീരന് സീറ്റ് നൽകുന്നത് അനുവദിക്കാനാകില്ലെന്നും പറഞ്ഞതിനാണ് തന്നെ പാർട്ടി പ്രവർത്തകർ വളഞ്ഞിട്ട് ആക്രമിച്ചതെന്ന് താരാ യാദവ് പറഞ്ഞു.

'തെറ്റായ ആൾക്ക് പാർട്ടി ടിക്കറ്റ് നൽകുന്നതിനെക്കുറിച്ച് എ.ഐ.സി.സി സെക്രട്ടറി സച്ചിൻ നായിക്കിനോട് ചോദിച്ചു. ഇത് പാർട്ടിയുടെ പ്രതിച്ഛായയ്ക്ക് മങ്ങലേൽപ്പിക്കും. അതിനാൽ ജനപ്രീതിയുളള ആൾക്ക് ടിക്കറ്റ് നൽകാൻ ആവശ്യപ്പെട്ടു. ഇതിൽ പ്രകോപിതരായ പാർട്ടി പ്രവർത്തകർ ചുറ്റും കൂടി മർദ്ധിക്കുകയായിരുന്നു.'- താരാ യാദവ് പറഞ്ഞു.

ഹാഥ്‌രസിൽ ഇരയ്ക്കൊപ്പം നിൽക്കുകയും ഡിയോറിയയിൽ പീഡനക്കേസ് പ്രതിക്ക് സീറ്റ് കൊടുക്കുകയും ചെയ്യുന്നത് നീതിയാണോ എന്ന് എ.ഐ.സി.സി. ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി വ്യക്തമാക്കണമെന്നും തന്നെ മർദ്ധിച്ച വിഷയത്തിൽ ഇടപെടണമെന്നും താര ആവശ്യപ്പെട്ടു. സംഭവത്തിൽ നടപടിയെടുക്കുമെന്ന് ദേശീയ വനിതാ കമ്മിഷൻ അദ്ധ്യക്ഷ രേഖാ ശർമ്മ അറിയിച്ചു.