
ന്യൂഡൽഹി: ഹാഥ്‌രസ് പെൺകുട്ടിയുടെ കുടുംബം ഇന്ന് അലഹാബാദ് ഹൈക്കോടതിയിലെ ലക്‌നൗ ബെഞ്ചിൽ ഹാജരായി നടന്ന സംഭവങ്ങൾ വിവരിക്കും. രാവിലെ കനത്ത സുരക്ഷയിൽ കുടുംബത്തെ ലക്‌നൗവിലെത്തിക്കും.
ഇതിനായി ഹാഥ്‌രസ് ജില്ലാ ജഡ്ജിനെ നോഡൽ ഓഫീസറായി നിയമിച്ചിട്ടുണ്ട്. 60 സുരക്ഷാ ഉദ്യോഗസ്ഥരെ പെൺകുട്ടിയുടെ വീട്ടിൽ നിയോഗിച്ചു. എട്ട് സി.സി.ടി.വി കാമറകളും സ്ഥാപിച്ചു. സന്ദർശകരുടെ വിവരങ്ങൾ രജിസ്റ്ററിൽ രേഖപ്പെടുത്തുന്നുണ്ട്. ആവശ്യമെങ്കിൽ കൺട്രോൾ റൂമും തുറക്കും.
എന്താണ് സംഭവിച്ചതെന്ന് വിശദീകരിക്കാൻ പെൺകുട്ടിയുടെ കുടുംബത്തോട് നേരിട്ട് ഹാജരാകാൻ ഒക്ടോബർ ഒന്നിനാണ് ഹൈക്കോടതി ഉത്തരവിട്ടത്. പെൺകുട്ടിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയതിലും പുലർച്ചെ വീട്ടുകാരെ ഒഴിവാക്കി സംസ്‌കാരം നടത്തിയതിലും കനത്ത പ്രതിഷേധം ഉയർന്നതോടെ ഹൈക്കോടതി സ്വമേധയാ കേസെടുക്കുകയായിരുന്നു. ജില്ലാ മജിസ്‌ട്രേറ്റും എസ്.പിയും ഇന്ന് കോടതിയിൽ ഹാജരാകും. അന്വേഷണ പുരോഗതിയും കോടതി വിലയിരുത്തും.
കേസ് ശനിയാഴ്ച സി.ബി.ഐ ഏറ്റെടുത്തിരുന്നു. ഇന്നലെ പ്രതികൾക്കെതിരെ എസ്.സി, എസ്.ടി അതിക്രമം തടയൽ നിയമ പ്രകാരമുള്ള വകുപ്പുകൾക്ക് പുറമെ, കൊലപാതകത്തിനും കൂട്ടബലാത്സംഗത്തിനും സി.ബി.ഐ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. ആദ്യം എഫ്.ഐ.ആർ സി.ബി.ഐ വെബ്‌സൈറ്റിൽ പ്രസിദ്ധകീരിച്ചിരുന്നെങ്കിലും പിന്നീട് നീക്കി.