
ന്യൂഡൽഹി: ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി, ജെ.ഡി.യു, എച്ച്.എ.എം, വി.ഐ.പി പാർട്ടികളടങ്ങിയ എൻ.ഡി.എ മുന്നണിയുടെ പ്രചാരണത്തിന് ഔദ്യോഗിക തുടക്കമായി. ആദ്യ റാലി ഗയയിൽ ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ ജെ.പി നദ്ദ ഉദ്ഘാടനം ചെയ്തു. രാജ്യത്തിന്റെ നേതൃത്വം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കൈയിൽ സുരക്ഷിതമാണെന്ന് നദ്ദ പറഞ്ഞു. ബീഹാർ പുരോഗതി മോദിയും നിതീഷ് കുമാറും സാദ്ധ്യമാക്കി.
നിതീഷ് കുമാറിനെ വീണ്ടും അധികാരത്തിലെത്തിക്കണമെന്നും നദ്ദ ആവശ്യപ്പെട്ടു. ഡൽഹിയിൽ പ്രധാനമന്ത്രി മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും ഉൾപ്പെടെയുള്ള നേതാക്കൾ പങ്കെടുത്ത തിരഞ്ഞെടുപ്പ് കമ്മിറ്റി യോഗത്തിന് ശേഷം പാട്നയിൽ പ്രത്യേക വിമാനത്തിലെത്തിയ നദ്ദയെ പാർട്ടി പ്രവർത്തകർ ആഘോഷപൂർവമാണ് വരവേറ്റത്. 46 പേരുടെ രണ്ടാംഘട്ട പട്ടികയും ബി.ജെ.പി പുറത്തിറക്കി.
വീണ്ടും അധികാരത്തിലെത്തിയാൽ നടപ്പാക്കാനുദ്ദേശിക്കുന്ന ഏഴിന പദ്ധതികൾ ജെ.ഡി.യു പ്രഖ്യാപിച്ചു.
പ്ലസ് ടു പാസാകുന്ന പെൺകുട്ടികൾക്ക് 25,000 രൂപയും ബിരുദം പൂർത്തിയാക്കുന്ന പെൺകുട്ടികൾക്ക് 50,000 രൂപയും നൽകും. പുതിയ സംരംഭങ്ങൾ ആരംഭിക്കുന്നവർക്ക് വിവിധ ഗ്രാന്റുകൾ, എല്ലാ ഗ്രാമത്തിലും സോളാർ തെരുവ് വിളുക്കുകൾ തുടങ്ങിയവയാണ് വാഗ്ദാനം.
 കമ്മിറ്റികൾ പ്രഖ്യാപിച്ച് കോൺഗ്രസ്
ബീഹാർ തിരഞ്ഞെടുപ്പിനുള്ള വിവിധ സമിതികൾ കോൺഗ്രസ് ഹൈക്കമാൻഡ് പ്രഖ്യാപിച്ചു. ജനറൽസെക്രട്ടറി രൺദീപ് സുർജേവാല തിരഞ്ഞെടുപ്പ് മാനേജ്‌മെന്റ്, കോ-ഓർഡിനേഷൻ കമ്മിറ്റി ചെയർമാനാകും. മോഹൻ പ്രകാശ് ആണ് കൺവീനർ. മുതിർന്ന നേതാക്കളായ മീര കുമാർ, താരിഖ് അൻവർ, ശത്രുഘ്‌നൻ സിൻഹ തുടങ്ങിയവരാണ് കമ്മിറ്റി അംഗങ്ങൾ.
സുബോധ് കുമാർ പബ്ലിസിറ്റി കൺവീനറും വക്താവ് പരൻ ഖേര മീഡിയ കോ-ഓർഡിനേഷൻ ചെയർമാനുമാകും.