harshavardhan

ന്യൂഡൽഹി: ഉത്സവസീസണുകൾ അടുക്കവെ മാനദണ്ഡങ്ങൾ പാലിച്ചില്ലെങ്കിൽ കൊവിഡ് വ്യാപനം രൂക്ഷമാകുമെന്ന കർശനമുന്നറിയിപ്പുമായി കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർദ്ധൻ. വിശ്വാസം തെളിയിക്കാൻ വലിയ ആഘോഷങ്ങൾ നടത്താൻ ഒരു മതവും ദൈവവും ആവശ്യപ്പെടുന്നില്ല. ഹൃദയവിശുദ്ധിയോടെ എവിടെ നിന്നും തങ്ങളുടെ ദൈവത്തെ പ്രാർത്ഥിക്കാം. ഉത്സവങ്ങൾ കുടുംബസമേതം വീട്ടിലിരുന്ന് ആഘോഷിക്കണം. മേളകളിലും മറ്റും പോകേണ്ടതില്ല. വലിയ പന്തലിൽ പോയി പ്രാർത്ഥിക്കാൻ ഒരു ദൈവവും പറയുന്നില്ല.

'സൺ‌ഡെ സംവാദ്" പരിപാടിയിൽ അദ്ദേഹം ആവശ്യപ്പെട്ടു. ഓണാഘോഷത്തിന് പിന്നാലെ കേരളത്തിൽ കൊവിഡ് കേസുകൾ കുതിച്ചുയർന്നതും അദ്ദേഹം ചൂണ്ടിക്കാട്ടി.
നവരാത്രി, ദസറ, ദീവാലി തുടങ്ങിയ ഉത്സവ സീസണുകൾ ആരംഭിക്കാനിരിക്കെയാണിത്. ഓണാഘോഷത്തിന് പിന്നാലെ കേരളത്തിൽ കൊവിഡ് രോഗികളുടെ എണ്ണം കുതിച്ചുയർന്നത് കഴിഞ്ഞദിവസം കേന്ദ്ര ആരോഗ്യസെക്രട്ടറിയും ചൂണ്ടിക്കാട്ടിയിരുന്നു.

ശൈത്യം, ശ്വസന രോഗകാരികളായ വൈറസുകളുടെ വ്യാപനം വർദ്ധിപ്പിക്കുമെന്നതിനാൽ ശൈത്യകാലത്ത് കൊറോണ വൈറസ് പകരാൻ കൂടുതൽ സാദ്ധ്യതയുണ്ടെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.

വിവിധ സംസ്ഥാനങ്ങളിൽ നിന്ന് കൊവിഡ് പുനഃരോഗബാധ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ടെങ്കിലും, ഈ കേസുകളിൽ പലതും യഥാർത്ഥ പുനഃരോഗബാധയല്ലെന്ന് ഐ.സി.എം.ആർ വിശകലനത്തിൽ വ്യക്തമായതായി ഡോ. ഹർഷവർദ്ധൻ പറഞ്ഞു.

നിലവിൽ, ഇന്ത്യയിൽ പരീക്ഷണത്തിന്റെ വിവിധ ഘട്ടങ്ങളിലുള്ള വാക്‌സിനുകൾ, 2 ഡോസും 3 ഡോസും നൽകേണ്ടുന്ന വാക്‌സിനുകളാണ്. സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ, ഭാരത് ബയോടെക്ക് എന്നിവയുടെ വാക്‌സിനുകൾ 2 ഡോസുകളും, കാഡില ഹെൽത്ത് കെയർ വാക്‌സിൻ 3 ഡോസുകളും നൽകേണ്ടത് ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.