
ന്യൂഡൽഹി: ഹാഥ്‌രസ് പെൺകുട്ടിയുടെ വീട് സന്ദർശിച്ച് വസ്തുതാന്വേഷണ റിപ്പോർട്ട് തയാറാക്കാനായി നടത്താനിരുന്ന ഇടത് എം.പിമാരുടെ യാത്ര റദ്ദാക്കി.
എം.പിമാർ എത്തുന്ന സമയത്ത് കുടുംബാംഗങ്ങൾ വീട്ടിലുണ്ടാകില്ലെന്നും കോടതി നടപടികളുമായി ബന്ധപ്പെട്ട് ലക്നൗവിലേക്ക് അവരെ കൊണ്ടുപോകുമെന്നും പൊലീസ് അറിയിച്ചതോടെയാണ് ഇന്നലെ നിശ്ചയിച്ച യാത്ര റദ്ദാക്കിയത്.
പെൺകുട്ടിയുടെ വീട് സന്ദർശിക്കുന്നതിൽ നിന്ന് പൊലീസ് തങ്ങളെ ബോധപൂർവം തടയുകയായിരുന്നുവെന്നും കോടതിയിൽ ഹാജരാക്കാനായി ലക്നൗവിലേക്ക് കുടുംബത്തെ കൊണ്ടുപോവുകയാണെന്ന് പൊലീസ് തെറ്റിദ്ധരിപ്പിച്ചുവെന്നും സി.പി.എം രാജ്യസഭാ നേതാവ് എളമരം കരീം പറഞ്ഞു. ദളിതുകൾക്കും സ്ത്രീകൾക്കും സമൂഹത്തിൽ ജീവിക്കാനാകാത്ത സാഹചര്യമാണ് യോഗിയുടെ യു.പിയിലില്ലെന്ന് ബിനോയ് വിശ്വം ചൂണ്ടിക്കാട്ടി. സത്യം അറിയാൻ പാടില്ലെന്നതിനാലാണ് തങ്ങളെ തടഞ്ഞത്. ബി.ജെ.പി സർക്കാർ കൗശലം കാണിച്ചുവെന്നും ബിനോയ് വിശ്വം പറഞ്ഞു.
ജില്ലാ കളക്ടറെ ഉൾപ്പെടെ സന്ദർശന വിവരം ഔദ്യോഗികമായി അറിയിച്ചിരുന്നു. എന്നാൽ ലക്നൗ ഹൈക്കോടതി ഇന്ന് കേസ് പരിഗണിക്കുന്നുണ്ടെന്നും ഞായറാഴ്ച തന്നെ കുടുംബത്തെ അങ്ങോട്ട് കൊണ്ടുപോകുമെന്നും പൊലീസ് ശനിയാഴ്ച രാത്രി വൈകി അറിയിച്ചു. ഇന്നലെ രാവിലെ ബന്ധപ്പെട്ടപ്പോഴും ഇതേ മറുപടി തന്നെ നൽകി. അതേസമയം ഇന്നലെ പൊലീസ് പെൺകുട്ടിയുടെ കുടുംബത്തെ ലക്നൗവിലേക്ക് കൊണ്ടുപോയില്ലെന്ന് വിവിധ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.