honour-killing

തിരുനെൽവേലിയിലെ നംഗുനേരി മരുകല്ലകുറിച്ചി ഗ്രാമത്തിൽ 2019 ഒക്ടോബറിൽ ഒരു വിവാഹം നടന്നു. 23 കാരനായ നമ്പിരാജനും അയൽക്കാരിയും കളികൂട്ടുകാരിയുമായ വൻമതിയും തമ്മിലുള്ള വിവാഹം. പക്ഷേ ,​നമ്പിയും വൻമതിയും കണ്ട സ്വപ്നസുന്ദരമായ ജീവിതത്തിന് വൻമതിയുടെ വീട്ടുകാർ ജാതിയുടേയും പണത്തിന്റെയും ഹുങ്ക് കൊണ്ടുള്ള വേലി തീർത്തു. വിവാഹം കഴിഞ്ഞ് ഒരു മാസത്തിനുള്ളിൽ പ്രണയത്തിനായി ബലികൊടുക്കേണ്ടി വന്നു നമ്പിയ്‌ക്ക് തന്റെ ജീവിതം. വൻമതിയുടെ സഹോദരന്മാർ നമ്പിയുടെ തല വെട്ടിയെടുത്ത് റെയിൽവേ ട്രാക്കിലിട്ടാണ് സഹോദരിക്ക് വിവാഹസമ്മാനമൊരുക്കിയത്. അവിടെ തീർന്നില്ല കഥ. അതൊരു തുടക്കമായിരുന്നു. 2020 മാർച്ച് 14 ന് നമ്പിരാജനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളായ അറുമുഖത്തെയും സുരേഷിനെയും നമ്പിരാജന്റെ മാതാപിതാക്കൾ ഉൾപ്പെടയുള്ളവർ ചേർന്ന് കൊലപ്പെടുത്തി മകന്റെ മരണത്തിന് പകരം ചോദിച്ചു. ഈ കേസിൽ ജയിൽ നിന്ന് ജാമ്യത്തിലിറങ്ങിയ നമ്പിരാജന്റെ അമ്മ ഷൺമുഖ തായിയെയും മകൾ ശാന്തിയേയും സെപ്‌തംബർ 26ന് കൊലപ്പെടുത്തിയാണ് വൻമതിയുടെ കുടുംബം കുടിപ്പക തീർത്തത്. ഒരു വിവാഹം നടന്നതിന്റെ ' അഭിമാനം' സംരക്ഷിക്കാൻ അഞ്ച് കൊലപാതകങ്ങൾ. ജാതിഭ്രാന്തിന്റെ വിറളിപിടിച്ച കോലങ്ങളെ തമിഴ്‌നാട്ടിൽ മാത്രമല്ല, ഉത്തരേന്ത്യയിലും എന്തിന് കേരളത്തിലും പോലും യഥേഷ്ഠം കണ്ടെത്താം.

പിന്നോട്ട് അങ്ങനെ മുന്നോട്ട്

21 -ാം നൂറ്റാണ്ടിലും ഇന്ത്യൻ സമൂഹത്തെ ഗ്രസിച്ചിരിക്കുന്ന അതിഭീഷണമായ ഒരു യാഥാർത്ഥ്യവും എന്നാൽ ഏറ്റവും കുറച്ച് ചർച്ച ചെയ്യപ്പെട്ടിട്ടുള്ളതുമായ ഒന്നാണ് ദുരഭിമാന കൊലകൾ. ജാതി രാഷ്ട്രീയത്തെക്കുറിച്ച് വർഷങ്ങളായി സംസാരിക്കാൻ തുടങ്ങിയിട്ടെങ്കിലും ജാതികൊലകൾ നിർബാധം തുടരുന്നു. രാഷ്ട്രീയത്തിനും മതത്തിനും അതീതമായി ജാതികൾക്ക് പ്രാമുഖ്യം കൊടുക്കുന്ന ഒരു ജനത. ഒരുഭാഗത്ത് ദുരഭിമാനത്തിന്റെ പേരിൽ കൊല ചെയ്യപ്പെടുന്നവർ, പലപ്പോഴും ഇതിനു കൂട്ടുനിൽക്കുന്ന നിയമ സംവിധാനം, മറ്റൊരു ഭാഗത്ത് കഴിക്കുന്ന ഭക്ഷണത്തിന്റെയും കേവലം സംശയത്തിന്റെയും അഭ്യൂഹങ്ങളുടെയും പേരിൽ ജനക്കൂട്ടം ജീവനെടുക്കുന്നവർ; ഭിന്നാഭിപ്രായങ്ങൾക്കോ എതിർപ്പുകൾക്കോ ഇടമില്ലാത്ത സമൂഹം. ഇത്രയേറെ ഭീഷണമായ യാഥാർത്ഥ്യങ്ങളുടേതു കൂടിയാണ് ഇന്നത്തെ ഇന്ത്യ.


എണ്ണിയാലോടുങ്ങാത്ത ജാതിക്കൊലകൾ

ഒരുപക്ഷേ, തങ്ങളുടെ മതത്തിനും ജാതിക്കും വംശത്തിനും ഗോത്രത്തിനും പുറത്തുള്ളവരെ വിവാഹം കഴിക്കുന്നതു വഴി സമുദായത്തിന് കളങ്കമുണ്ടാക്കിയ ആണും പെണ്ണും ശിക്ഷിക്കപ്പെടണമെന്ന ഈ ദുരാചാരത്തെക്കുറിച്ച് ആളുകൾ കൂടുതലായി പുറത്തു പറയാൻ തുടങ്ങിയതായിരിക്കാം കേസുകളുടെ എണ്ണത്തിൽ പൊടുന്നനെ കാണിക്കുന്ന വർധനവ്.

ദേശീയ ക്രൈം റെക്കാഡ്‌സ് ബ്യൂറോയുടെ കണക്കുകൾ പ്രകാരം 2014ൽ 28 കേസുകളാണ് ദുരഭിമാന കൊലയുടെ പേരിൽ രേഖപ്പെടുത്തപ്പെട്ടിട്ടുള്ളതെങ്കിൽ 2015 ൽ 251 പേരാണ് ദുരഭിമാനകൊലയ്ക്ക് പാത്രമായത്. മറ്റു വിഷയങ്ങളെ ചൊല്ലിയുള്ള കൊലപാതകങ്ങളിൽ നിന്ന് വേറിട്ട് ദുരഭിമാന കൊലകളെ പ്രത്യേകം കണക്കെടുത്ത് തുടങ്ങിയതും 2015 ലാണ്. 2018 ൽ 288 കേസുകളിലേക്ക് 'അഭിമാനകൊലകൾ' ഉയർന്നു. കൊലപ്പെട്ടതിൽ 142 ദളിതരായിരുന്നു. 50 പേർ മുസ്ലീം സമുദായത്തിൽപ്പെട്ടവർ എട്ട് പേർ വീതം ക്രിസ്ത്യൻ, ആദിവാസി, ട്രാൻസ്‌ജെൻഡർ വിഭാഗത്തിൽപ്പെട്ടവർ. കേസുകളിൽ കൂടുതലും യു.പിയിലും തമിഴ്‌നാട്ടിലും. 2019ൽ കൊലപാതകങ്ങൾ 300ലേക്ക് കടന്നു. വിദ്യാഭ്യാസവും പുരോഗതിയും വികസനവുമൊക്കെ നാട്ടിൽ കുതിച്ചുയരുമ്പോഴും ജാതിപ്രശ്‌നം വരുമ്പോൾ അവയെല്ലാം തൊലിപ്പുറത്തെ ചികിത്സ മാത്രമായി ഒതുങ്ങുന്നു എന്നതാണ് വർദ്ധിക്കുന്ന കണക്കുകൾ പറയുന്ന കഥ.

വേണം പ്രത്യേക ശിക്ഷാനിയമം

ഭരണഘടന നൽകുന്ന മൗലികാവകാശങ്ങളുടെ ലംഘനമാണ് ദുരഭിമാന കൊലപാതകങ്ങളിലൂടെ ഉണ്ടാകുന്നതെന്ന് പലപ്രാവശ്യം ഇന്ത്യൻ നീതിന്യായ കോടതികൾ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. എന്നാൽ ഇന്ത്യൻ പീനൽ കോഡിൽ ദുരഭിമാന കൊലകൾക്ക് പ്രത്യേക ശിക്ഷാനിയമം നിലവിലില്ല.

രാജസ്ഥാനിലെ കാപ് പഞ്ചായത്ത് തീരുമാനപ്രകാരം നടന്ന മനോജ് ബാബ്ലി ദുരഭിമാന കൊലയിൽ കർണാൽ ജില്ല കോടതി ജഡ്‌ജി വാണി ഗോപാൽ ശർമ, കുറ്റക്കാരായി കണ്ടെത്തിയ അഞ്ചു പ്രതികൾക്ക്(ബബ്ലിയുടെ ബന്ധുക്കൾ) വധശിക്ഷ വിധിച്ചിരുന്നു. ഇന്ത്യയിൽ ദുരഭിമാന കൊലകളിൽ ഉണ്ടാകുന്ന ചരിത്രപരമായ വിധിയായിരുന്നു ജ. വാണി ഗോപാൽ ശർമ നടത്തിയിരുന്നത്. എന്നാൽ ജില്ല കോടതി വിധിക്കെതിരേ പ്രതികൾ പഞ്ചാബ്ഹപരിയാന ഹൈക്കോടതിയിൽ നൽകിയ അപ്പീൽ പരിഗണിച്ച് വധ ശിക്ഷ ജീവപര്യന്തമായി കുറച്ചിരുന്നു. മനോജ് ബാബ്ലി വധക്കേസ് വലിയ ചർച്ചയാവുകയും രാജ്യത്തെ നിയമസംവിധാനങ്ങളെ വെല്ലുവിളിച്ച് കാപ് പഞ്ചായത്തുകൾ വിധിക്കുന്ന ദുരഭിമാന കൊലകൾക്ക് അവസാനമുണ്ടാക്കണമെന്ന ആവശ്യം ശക്തമാവുകയും ചെയ്തു. വ്യാപകമാകുന്ന ദുരഭിമാന കൊലകളിൽ ആശങ്ക പ്രകടിപ്പിച്ച് സുപ്രീം കോടതിയും രംഗത്തു വന്നു. കേന്ദ്രസർക്കാരിനും സംസ്ഥാന സർക്കാരുകൾക്കും ഇക്കാര്യത്തിൽ എന്തു നിലപാടുകളാണ് എടുക്കാൻ കഴിയുകയെന്നു പരമോന്നത കോടതി ചോദിച്ചിരുന്നു. 2010 ഓഗസ്റ്റ് അഞ്ചിന് ഈ വിഷയം അന്നത്തെ കേന്ദ്ര ആഭ്യന്തര മന്ത്രി പി.ചിദംബരം ലോക്‌സഭയിൽ ചർച്ച ചെയ്തിരുന്നു. ദുരഭിമാന കൊലകളിൽ പരമാവധി ശിക്ഷ ഉറപ്പാക്കുന്ന ബില്ല് ലോക്‌സഭയിൽ അവതരിപ്പിക്കാനും ചിദംബരം ശ്രമിച്ചിരുന്നുവെങ്കിലും അത് ഫലത്തിൽ വരാതെ പോവുകയായിരുന്നു. 2010 ൽ തന്നെ അന്നത്തെ നിയമ മന്ത്രി എം. വീരപ്പമൊയ്‌ലി ദുരഭിമാന കൊലപാതകങ്ങൾക്ക് പ്രത്യേക ശിക്ഷ നൽകുന്നതിനായി ഇന്ത്യൻ പീനൽ കോഡ് ഭേദഗതി ചെയ്യണമെന്ന ആവശ്യം മുന്നോട്ടുവച്ചെങ്കിലും ഇക്കാര്യത്തിൽ തീരുമാനമെടുക്കാൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ് നിയോഗിച്ച പ്രത്യേക മന്ത്രിമാരുടെ സംഘം, ദുരഭിമാന കൊലപാതകങ്ങൾ ഇല്ലാതാക്കാൻ അപര്യാപ്തമാണെന്നു ചൂണ്ടിക്കാട്ടി വീരപ്പ മൊയ്‌ലിയുടെ നിർദേശങ്ങൾ തള്ളിക്കളയുകയായിരുന്നു.


ദുരഭിമാന കൊലപാതകങ്ങൾ പ്രത്യേക കുറ്റമായി പരിഗണിക്കുക, ദുരഭിമാന കൊലകളുടെ കാര്യത്തിൽ ഇന്ത്യൻ എവിഡൻസ് ആക്‌ടിൽ ഭേദഗതി കൊണ്ടുവരിക, കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തില്ലെങ്കിലും ദുരഭിമാന കൊലകൾക്ക് നിർദേശം നൽകുന്നവരെയും ശിക്ഷയ്ക്ക് വിധേയരാക്കുക തുടങ്ങിയ നിർദേശങ്ങളായിരുന്നു വീരപ്പമൊയ്‌ലി മുന്നോട്ടു വച്ചത്. നിലവിൽ കൊലപാതക കുറ്റങ്ങൾക്ക് ലഭിക്കുന്ന പരമാവധി ശിക്ഷകൾ തന്നെ ദുരഭിമാന കൊലപാതകങ്ങൾക്കും ബാധകമാണെന്നു ചൂണ്ടിക്കാട്ടിയായിരുന്നു വീരപ്പമൊയ്ലിയുടെ നിയമഭേദഗതി എതിർക്കപ്പെട്ടത്. നിയമം കൊണ്ടു മാത്രം കൊണ്ട് ദുരഭിമാന കൊലപാതകങ്ങൾ തടയാൻ കഴിയില്ലെന്നും സാമൂഹികമായി മാറ്റം കൊണ്ടു വന്നാൽ മാത്രമേ ഇതിന് പരിഹാരം കാണാൻ കഴിയൂ എന്ന നിർദേശവും ഇതിനൊപ്പം ഉയർന്നിരുന്നു. എന്നാൽ ആ ശ്രമങ്ങളെല്ലാം പാതിവഴിയിൽ അവസാനിക്കുകയാണുണ്ടായത്. ചർച്ചകൾ ഉയരണം , ജാതിവ്യവസ്ഥ എത്ര മോശമാണെന്ന് ജനങ്ങൾ തിരിച്ചറിയണം. അതേയുള്ളൂ ഇതിനൊരു പരിഹാരം.