
വ്യത്യസ്തരായി യുവദമ്പതികൾ
ന്യൂഡൽഹി: വിവാഹത്തിന് ക്ഷണിച്ചു വരുത്തിയ അതിഥികൾക്ക് വിരുന്ന് നൽകുന്നത് ഒരു പതിവാണ്. വധുവിന്റെയും വരന്റെയും ബന്ധുക്കളും സുഹൃത്തുക്കളും നാട്ടുകാരുമൊക്കെയാണ് വിരുന്നിന്റെ ഭാഗമാകാറ്. എന്നാൽ തെരുവിൽ അലഞ്ഞുനടന്ന 500 മൃഗങ്ങൾക്ക് വിവാഹദിനത്തിൽ ഭക്ഷണം നൽകി വ്യത്യസ്തരായിരിക്കുകയാണ് രണ്ട് യുവ ദമ്പതികൾ. വിവാഹത്തിന് മുൻപ് പരസ്പരം നൽകിയ വാക്ക് പാലിക്കാനായാണ് സ്വതന്ത്രസിനിമ സംവിധായകനായ യുറീക്ക ആപ്‌തെയും ദന്ത ഡോക്ടറായ ജോനയും ഇത്തരത്തിലൊരു വിരുന്ന് ഒരുക്കിയത്. അതും ലോണെടുത്ത കാശിന്.
അനിമൽ വെൽഫെയർ ട്രസ്റ്റായ ഏകമ്രയുടെ സഹായത്തോടെയാണ് സദ്യ സംഘടിപ്പിച്ചത്.
താംഗിയിലെ ഒരു ചെറിയ ഗ്രാമത്തിലെ ക്ഷേത്രത്തിൽ സെപ്തംബർ 25ന് ഇവരുടെ വിവാഹം നടന്ന അതേസമയം, നഗരത്തിലെ മുക്കിലും മൂലയിലുമുള്ള തെരുവ് മൃഗങ്ങൾക്ക് സംഘടന ഭക്ഷണം നൽകി. ചോറും ചിക്കനും ബീഫുമൊക്കെയടങ്ങിയ നല്ല ഫസ്റ്റ് ക്ലാസ് സദ്യ. വിവാഹത്തിന് രണ്ട് ദിവസം മുൻപ് മൃഗ സംരക്ഷണ ശാല സന്ദർശിച്ച ഇവർ, മൃഗങ്ങൾക്ക് ഭക്ഷണവും മരുന്നും നൽകി.
കൊവിഡ് കാരണം ഷൂട്ട് മുടങ്ങി യുറീക്ക സാമ്പത്തിക പ്രതിസന്ധിയിലായതിനാലാണ് ലോണെടുത്ത് മൃഗങ്ങളെ ഊട്ടേണ്ടി വന്നതെന്ന് ദമ്പതികൾ പറയുന്നു. വളരെ ചെലവ് ചുരുക്കിയാണ് മൂന്ന് വർഷത്തെ പ്രണയത്തെ വിവാഹത്തിലാക്കിയത്. യുറീക്കയുടെ കാൻസർ ബാധിച്ച് മരിച്ച അമ്മയുടെ വിവാഹ സാരിയുടുത്താണ് ജോന കതിർമണ്ഡപത്തിലെത്തിയത്. പൈലറ്റ് ജോലി ഉപേക്ഷിച്ചാണ് യുറീക്ക സിനിമ സംവിധായകനാകാൻ ഇറങ്ങിത്തിരിച്ചത്.