caricature

1. ജീവനക്കാർക്ക്:

എൽ.ടി.സി വൗച്ചർ, 10000 രൂപയുടെ ഫെസ്‌റ്റിവൽ അഡ്വാൻസ്

2. 12,000 കോടി:

സംസ്ഥാനങ്ങൾക്ക്

പലിശ രഹിത വായ്പ

3. 25,000 കോടി:

ബഡ്ജറ്റിൽ അധിക വഹിതം: പ്രതിരോധം, അടിസ്ഥാന വികസനം

ന്യൂഡൽഹി: കൊവിഡ് വ്യാപനം മൂലം മുരടിച്ച വിപണിക്ക് ഉത്തേജനം നൽകാനും സാമ്പത്തിക ഇടപാടുകൾ വർദ്ധിപ്പിച്ച് ജി.ഡി.പി മെച്ചപ്പെടുത്താനും കേന്ദ്രസർക്കാർ ഒരു ലക്ഷം കോടി രൂപയുടെ പുതിയ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചു.

കേന്ദ്രസർക്കാർ ജീവനക്കാർക്കായി രണ്ടു പദ്ധതികൾ ധനമന്ത്രി നിർമ്മല സീതാരാമൻ പ്രഖ്യാപിച്ച പാക്കേജിലുണ്ട്. എൽ.ടി.സി (ലീവ് ട്രാവൽ കൺസഷൻ) ആനുകൂല്യമാണ് ഒന്ന്. കൊവിഡ് കാലത്ത് എൽ.ടി.സി ഉപയോഗിക്കാൻ കഴിയാത്തവർക്ക് അത്രയും തുകയ്‌ക്ക് നിബന്ധനകൾക്ക് വിധേയമായി സാധനങ്ങൾ വാങ്ങാനുള്ള വൗച്ചർ നൽകും. റുപേ കാർഡ് വഴി 10,​000 രൂപയ്‌ക്ക് സാധനങ്ങൾ വാങ്ങാനുള്ള പലിശ രഹിത ഉത്സവ അഡ്വാൻസാണ് രണ്ടാമത്തേത്. രണ്ടിനും 2021 മാർച്ച് 31വരെയാണ് കാലാവധി.

5,675 കോടി രൂപയാണ് എൽ.ടി.സി വൗച്ചറിന് നീക്കിവയ്ക്കുന്നത്. പൊതുമേഖലാ സ്ഥാപനങ്ങളിലും ബാങ്കുകളിലും എൽ.ടി.സിക്ക് 1,900 കോടി രൂപയും വകയിരുത്തും. തസ്തികയനുസരിച്ച് മൂന്നു തരം വൗച്ചറുണ്ടാകും. ഡിജിറ്റൽ ഇടപാടിലൂടെയാവണം പർച്ചേസ്. ഉത്സവ അഡ്വാൻസിന് 4000 കോടി രൂപ നീക്കിവയ്ക്കും. അത്രയും തുക സംസ്ഥാനങ്ങളുടേതും പ്രതീക്ഷിക്കുന്നു.

സംസ്ഥാനങ്ങൾക്ക് അടിസ്ഥാന വികസന പദ്ധതികളിൽ അടക്കം മുതലിറക്കാൻ 12,000 കോടി രൂപ 50 വർഷ തിരിച്ചടവിൽ പലിശരഹിത വായ്പ നൽകും. 50 ശതമാനം വീതം രണ്ട് ഗഡുവായി നൽകുന്ന തുക മാർച്ച് 31ന് മുൻപ് ചെലവാക്കണം. ആത്മനിർഭർ അഭിയാനിലെ മൂന്ന് പരിഷ്‌കാരങ്ങളെങ്കിലും നടപ്പാക്കിയ സംസ്ഥാനങ്ങൾക്ക് 2,​000 കോടി രൂപ ഇൻസെന്റീവും നൽകും.

2020-21 കേന്ദ്ര ബഡ്‌ജറ്റിലെ 4.13 ലക്ഷം കോടിക്ക് പുറമെ 25,000 കോടി രൂപ കൂടി വകയിരുത്തി. റോഡ് നിർമ്മാണം, പ്രതിരോധ അടിസ്ഥാന വികസനം, കുടിവെള്ള വിതരണം, നഗര വികസനം എന്നിവയ്‌ക്കാണിത്.

മന്ത്രിയുടെ ആകെ പ്രഖ്യാപനങ്ങൾ 73,000 കോടി രൂപയുടേതാണ്. നികുതി ഇളവോടെയുള്ള എൽ.ടി.സി, ഉത്സവ അഡ്വാൻസ് പ്രഖ്യാപനങ്ങൾ സ്വകാര്യ മേഖലയിലും നടപ്പാക്കുന്നത് വഴി പ്രതീക്ഷിക്കുന്ന 28,000 കോടി രൂപയുടെ സാമ്പത്തിക ഉത്തേജനം അടക്കമാണ് ഒരു ലക്ഷം കോടി രൂപയുടെ പാക്കേജ്.

സാമ്പത്തിക പാക്കേജ്:

വിശദ വിവരം ബിസിനസ് പേജിൽ