
ന്യൂഡൽഹി: തെന്നിന്ത്യൻ നടിയും എ.ഐ.സി.സി ദേശീയ വക്താവുമായിരുന്ന ഖുശ്ബു കോൺഗ്രസ് വിട്ട് ബി.ജെ.പിയിൽ ചേർന്നു. ഡൽഹിയിൽ ദേശീയ ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ജനറൽ സെക്രട്ടറി സി.ടി രവിയിൽനിന്ന് അംഗത്വം സ്വീകരിച്ചു. തുടർന്ന് ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ ജെ.പി നദ്ദയുമായി കൂടിക്കാഴ്ച നടത്തി.
ബി.ജെ.പിയിലേക്കെന്ന വാർത്തകൾ വന്നതിന് പിന്നാലെ രാവിലെ ഖുശ്ബുവിനെ ദേശീയ വക്താവ് സ്ഥാനത്തുനിന്ന് നീക്കി കോൺഗ്രസ് ഉത്തരവിറക്കിയിരുന്നു.
2010ൽ ഡി.എം.കെയിലൂടെയായിരുന്നു രാഷ്ട്രീയ പ്രവേശം.
തഴഞ്ഞുവെന്ന് ചൂണ്ടിക്കാട്ടി 2014ലാണ് കോൺഗ്രസിൽ എത്തിയത്. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സീറ്റ് ലഭിക്കാത്തതിൽ അതൃപ്തിയുണ്ടായിരുന്നു.
ജൂലായിൽ കേന്ദ്രസർക്കാരിന്റെ പുതിയ വിദ്യാഭ്യാസ നയത്തെ അനുകൂലിച്ചതോടെ പാർട്ടി വിടുമെന്ന അഭ്യൂഹം ശക്തമായെങ്കിലും അവർ നിഷേധിച്ചു. അടുത്തവർഷത്തെ നിയമസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി സീറ്റ് ഉറപ്പ് നൽകിയെന്നാണ് സൂചന. രാജ്യത്തെ ശരിയായ ദിശയിൽ നയിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പോലൊരാൾ ആവശ്യമാണെന്ന് ഖുശ്ബു വ്യക്തമാക്കി.
യൂ ട്യൂബർ മദൻ രവിചന്ദ്രൻ, ടി.ടി.വി ദിനകരന്റെ എ.എം.എം.കെയിലായിരുന്ന മുൻ ഐ.ആർ.എസ് ഉദ്യോഗസ്ഥൻ ശരവണകുമാർ എന്നിവരും തമിഴ്നാട്ടിൽ നിന്ന് ഇന്നലെ ബി.ജെ.പിയിൽ ചേർന്നിട്ടുണ്ട്.
നടി മാത്രമെന്ന് കോൺഗ്രസ്
കോൺഗ്രസിലുള്ളവർ ഖുശ്ബുവിനെ നടിയായി മാത്രമാണ് കണ്ടതെന്നും രാഷ്ട്രീയ നേതാവായല്ലെന്നും കോൺഗ്രസ് തമിഴ്‌നാട് അദ്ധ്യക്ഷൻ കെ.എസ്. അഴഗിരി പറഞ്ഞു. ജനങ്ങളുമായി ബന്ധമില്ലാത്ത ചിലരാണ് പാർട്ടിയിൽ തീരുമാനങ്ങളെടുക്കുന്നതെന്ന് കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിക്ക് നൽകിയ രാജിക്കത്തിൽ ഖുശ്ബു ആരോപിച്ചു.