supreme-court

ന്യൂഡൽഹി: ഹാഥ്‌രസിൽ ദളിത് പെൺകുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട സംഭവം റിപ്പോർട്ട് ചെയ്യാൻ പോകുന്നതിനിടെ ഉത്തർപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്ത മലയാളി മാദ്ധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പന് ജാമ്യത്തിനായി അലഹബാദ് ഹൈക്കോടതിയെ സമീപിക്കാമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ചീഫ്ജസ്റ്റിസ് എസ്.എ ബോബ്ഡെ അദ്ധ്യക്ഷനായ ബെഞ്ചിന്റേതാണ് നിർദ്ദേശം. തുടർന്ന് കേരളാ പത്രപ്രവർത്തക യൂണിയൻ ഡൽഹി ഘടകം നൽകിയ ഹേബിയസ്‌കോർപ്പസ് ഹർജി നാലാഴ്ചത്തേക്ക് മാറ്റി.

നിലവിലെ സാഹചര്യത്തിൽ യു.പിയിലെ കോടതികളിൽ നിന്ന് ജാമ്യം ലഭിക്കാനുള്ള സാദ്ധ്യത കുറവാണെന്ന് സിദ്ദിഖ് കാപ്പന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽസിബൽ വാദിച്ചു. യു.എ.പി.എ കൂടി ചുമത്തിയിട്ടുള്ളതിനാൽ തന്റെ കക്ഷി ആറോ ഏഴോ വർഷം ജയിലിൽ കിടക്കേണ്ടിവരുമെന്നും സിബൽ ചൂണ്ടിക്കാട്ടി. എന്നാൽ അങ്ങനെയൊന്നും സംഭവിക്കില്ലെന്നും
എന്തെങ്കിലും തെറ്റ് സംഭവിച്ചാൽ തങ്ങളിവിടെയുണ്ടെന്നുമായിരുന്നു ചീഫ് ജസ്റ്റിസിന്റെ മറുപടി. ഏത് ഘട്ടത്തിലും ഹർജിക്കാർക്ക് ആവശ്യമെങ്കിൽ സുപ്രീംകോടതിയെ സമീപിക്കാമെന്നും ചീഫ്ജസ്റ്റിസ് വ്യക്തമാക്കി.
സിദ്ദിഖ് കാപ്പൻ നിലവിൽ എവിടെയുണ്ടെന്ന് വ്യക്തമായ സാഹചര്യത്തിൽ ഹേബിയസ് കോർപ്പസ് ഹർജി ഭേദഗതി ചെയ്യാൻ അനുവദിക്കണമെന്ന ആവശ്യം സുപ്രീംകോടതി അംഗീകരിച്ചു.

കഴിഞ്ഞ തിങ്കളാഴ്ചയാണ് അഴിമുഖം ലേഖകനും ‌കെ.യു.ഡബ്യു.ജെ ഡൽഹി ഘടകം സെക്രട്ടറിയുമായ സിദ്ദിഖ് കാപ്പിനെയും ഒപ്പമുണ്ടായിരുന്ന മൂന്നുപേരെയും ഹാഥ്‌രസിലേക്കുള്ള യാത്രക്കിടെ യു.പി പൊലീസ് അറസ്റ്റ് ചെയ്തത്. രാജ്യദ്രോഹക്കുറ്റമടക്കം ചുമത്തപ്പെട്ട ഇവർ ഇപ്പോൾ ജുഡിഷ്യൽ കസ്റ്റഡിയിലാണ്.