ind

ന്യൂഡൽഹി: വടക്കൻ ലഡാക് അതിർത്തിയിലെ സംഘർഷ മേഖലകളിൽ നിന്ന് ചൈനീസ് സൈന്യം ഉടൻ പിൻമാറണമെന്ന ആവശ്യം ആവർത്തിച്ച് ഇന്ത്യ. അതിർത്തിയിലെ ചുഷൂൽ മേഖലയിലെ മോൾഡയിൽ നടന്ന സൈനിക കമാൻഡർമാരുടെ ഏഴാം വട്ട ചർച്ചയിലാണ് അതി ശൈത്യം പിടിമുറുക്കുന്നതിന് മുൻപ് സൈനിക പിൻമാറ്റം പൂർത്തിയാക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടത്. ചർച്ചയുടെ വിശദാംശങ്ങൾ അറിവായിട്ടില്ല.

ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ് അജിത്ഡോവലിന്റെ ചൈനീസ് സ്റ്റഡി ഗ്രൂപ്പ് തയാറാക്കിയ അജണ്ടകളുടെ അടിസ്ഥാനത്തിൽ വടക്കൻ ലഡാക് അതിർത്തിയിൽ ഏപ്രിലിലെ തത്‌സ്ഥിതി നിലനിറുത്തണമെന്ന നിലപാട് ഇന്ത്യ ആവർത്തിച്ചു. സെപ്‌തംബർ 21ന് നടന്ന ആറാം വട്ട കമാൻഡർ തല കൂടിക്കാഴ്‌ചയ്ക്കു ശേഷം അതിർത്തിയിൽ പ്രകോപനങ്ങളുണ്ടായിട്ടില്ലെന്ന് ഇരുപക്ഷവും വിലയിരുത്തി. സൈനിക, നയതന്ത്ര തലത്തിൽ ചർച്ചകൾ തുടരാനും തീരുമാനിച്ചു.

വിദേശകാര്യമന്ത്രിമാരായ എസ്. ജയശങ്കറും വാംഗ്‌യിയും മോസ്കോയിലുണ്ടാക്കിയ അഞ്ചിന പരിപാടികളെ അടിസ്ഥാനമാക്കിയാണ് ഇന്നലെയും ലഫ്റ്റനന്റ് ജനറൽ ഹരീന്ദർ സിംഗ് നയിച്ച ഇന്ത്യൻ സംഘവും മേജർ ജനറൽ ലിയൂ ലിൻ നയിച്ച ചൈനീസ് സംഘവും കൂടിക്കാഴ്‌ച നടത്തിയത്.

14-ാം കോർപ്സിന് മലയാളി നേതൃത്വം

ലേയിലെ 14-ാം കോർപ്‌സ് കമാൻഡർ എന്ന നിലയിൽ കമാൻഡർ തല ചർച്ചകളിൽ ഇന്ത്യൻ സംഘത്തെ നയിക്കുന്ന ലഫ്. ജനറൽ ഹരീന്ദർ സിംഗ് ഡെറാഡൂണിലെ ഇന്ത്യൻ മിലിട്ടറി അക്കാഡമി മേധാവിയായി ഉടൻ ചുമതലയേൽക്കും. മലയാളിയായ ലെഫ്. ജനറൽ പി.ജി.കെ മേനോൻ അദ്ദേഹത്തിന്റെ പിൻഗാമിയായി 14-ാം കോർപ്‌സിന്റെ കമാൻഡറാകും.