
ന്യൂഡൽഹി: ഹാഥ്രസ് പെൺകുട്ടിയുടെ മൃതദേഹം രക്ഷിതാക്കളുടെ അനുമതിയില്ലാതെ സംസ്കരിച്ചതിൽ പൊലീസിനോട് പൊട്ടിത്തെറിച്ച് അലഹാബാദ് ഹൈക്കോടതി. ഇത് നിങ്ങളുടെ മകളാണെങ്കിൽ ഇതുപോലെ സംസ്കരിക്കാൻ അനുവാദം നൽകുമോയെന്ന് ലക്നൗ ബെഞ്ചിലെ ജസ്റ്റിസ്മാരായ പങ്കജ് മിതൽ, രാജൻ റോയ് എന്നിവർ ചോദിച്ചതായി പെൺകുട്ടിയുടെ കുടുംബത്തിനായി ഹാജരായ അഭിഭാഷക സീമ കുശ്വാഹ മാദ്ധ്യമങ്ങളോട് പറഞ്ഞു. ഇര ഒരു സമ്പന്ന കുടുംബത്തിലെ പെൺകുട്ടിയാണെങ്കിൽ പൊലീസ് നടപടി സമാനമാകുമോയെന്നും ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി പ്രശാന്ത് കുമാറിനോട് കോടതി ചോദിച്ചതായി അവർ വെളിപ്പെടുത്തി.അതേസമയം തങ്ങളുടെ അനുമതിയില്ലാതെയാണ് മകളുടെ മൃതദേഹം അധികൃതർ അർദ്ധരാത്രി സംസ്കരിച്ചതെന്ന് കുട്ടിയുടെ കുടുംബം മൊഴി നൽകി. സ്ഥലത്ത് വൻ പൊലീസ് സന്നാഹമുണ്ടായിരുന്നു.
ക്രമസമാധാന പ്രശ്നങ്ങൾക്ക് സാദ്ധ്യതയുണ്ടായിരുന്നില്ലെന്നും കുടുംബം വ്യക്തമാക്കി.
കേസ് യു.പിയ്ക്ക് പുറത്തേക്ക് മാറ്റണമെന്ന് കുടുംബം ആവശ്യപ്പെട്ടു.
സി.ബി.ഐ അന്വേഷണ റിപ്പോർട്ടുകൾ രഹസ്യമായി സൂക്ഷിക്കണം. കേസ് തീരുന്നതുവരെ സുരക്ഷയൊരുക്കണമെന്നും കുടുംബം ആവശ്യപ്പെട്ടു. യു.പി അഡിഷണൽ ചീഫ് സെക്രട്ടറി, ഡി.ജി.പി, എ.ഡി.ജി.പി, ഹാഥ്രസ് ജില്ലാ മജിസ്ട്രേറ്റ്, എസ്.പി എന്നിവരും ഹാജരായി മൊഴി നൽകി. മൃതദേഹം രാത്രി സംസ്കരിച്ചത് ക്രമസമാധാന സാഹചര്യം പരിഗണിച്ചാണെന്നും സംസ്ഥാന സർക്കാരിൽ നിന്ന് സമ്മർദ്ദമുണ്ടായിട്ടില്ലെന്നും ജില്ലാ മജിസ്ട്രേറ്റ് കോടതിയിൽ പറഞ്ഞു. തുടർന്ന് കേസ് നവംബർ മൂന്നിലേക്ക് മാറ്റി. കേസ് യു.പിയ്ക്ക് പുറത്തേക്ക് മാറ്റുന്നതിൽ അന്ന് തീരുമാനമായേക്കും.