
ന്യൂഡൽഹി: ജി.എസ്.ടി വരുമാന നഷ്‌ടം നികത്താൻ റിസർവ് ബാങ്ക് വായ്‌പയെടുക്കുന്നത് സംബന്ധിച്ച വിഷയത്തിൽ ഇന്നലെ ചേർന്ന ജി.എസ്.ടി കൗൺസിൽ യോഗത്തിലും സമവായമായില്ല. ഒരേ വിഷയത്തിൽ ഇത് മൂന്നാം തവണയാണ് യോഗം ചേർന്നത്.
1.10 ലക്ഷം കോടി രൂപ വായ്പയെടുക്കാൻ റിസർവ് ബാങ്ക് വഴി സംവിധാനം ചെയ്യാമെന്ന കേന്ദ്ര സർക്കാർ വാഗ്ദാനം കേരളം അടക്കം പത്ത് സംസ്ഥാനങ്ങൾ അംഗീകരിക്കാത്തതാണ് തർക്കത്തിന് അടിസ്ഥാനം. കേന്ദ്രം വായ്പയെടുത്ത് നൽകണമെന്നാണ് കേരളം ഉൾപ്പെടെ ആവശ്യപ്പെടുന്നത്. അതേസമയം ഇക്കാര്യത്തിൽ കേന്ദ്ര സർക്കാരിനൊപ്പമുള്ള 21 സംസ്ഥാനങ്ങൾ ഉടൻ തീരുമാനം നടപ്പാക്കണമെന്ന ആവശ്യം ആവർത്തിച്ചു. തർക്കം തീർക്കാൻ മന്ത്രിതല സമിതിക്ക് വിടണമെന്ന ആവശ്യവും തർക്കത്തിൽ കലാശിച്ചു.
ഇന്നലെ ആറു മണിക്ക് യോഗം കഴിഞ്ഞ് ഏഴിന് പത്രസമ്മേളനത്തിൽ ധനമന്ത്രി നിർമ്മലാ സീതാരാമൻ തീരുമാനങ്ങൾ അറിയിക്കുമെന്നായിരുന്നു ആദ്യം അറിയിച്ചിരുന്നത്. എന്നാൽ വീഡിയോ കോൺഫറൻസ് വഴി നടന്ന യോഗം തർക്കം കാരണം നീണ്ടു.