
പെൺമക്കളെ കെട്ടിച്ചയയ്ക്കുന്നത് പോലെ തന്നെ പിതാക്കൻമാരുടെ ഉറക്കം നഷ്ടപ്പെടുത്തുന്ന വിഷയമാണല്ലോ ആൺമക്കളുടെ ഭാവിയോർത്തുള്ള ചിന്തകൾ. ജനപ്രിയ നടൻമാരും ജനനായകരായ രാഷ്ട്രീയക്കാരും സമൂഹത്തിൽ കൂടുതൽ റേറ്റിംഗുള്ള ഡോക്ടർമാരും പട്ടാളത്തിൽ ഉന്നതറാങ്കിലുള്ള ഓഫീസർമാരും ആൺമക്കൾക്ക് സുരക്ഷിതവും സുഭദ്രവുമായ ഭാവി മുന്നിൽക്കണ്ട് തങ്ങളുടെ തന്നെ പ്രൊഫഷനിൽ കൂട്ടുകെട്ടുന്നതിന്റെ മനഃശാസ്ത്രം മറ്റൊന്നല്ല. പൈതൃകം മക്കളാൽ തുടരുന്നതിൽ അഭിമാനവുമാകാമല്ലോ.
ഒന്നാംഘട്ട വോട്ടെടുപ്പിനുള്ള സ്ഥാനാർത്ഥി നിർണയത്തിരക്കും പ്രചാരണ തന്ത്രങ്ങളുടെ ചർച്ചകളും ചൂടുപിടിക്കുന്ന ബിഹാറിലേക്ക് നോക്കിയാൽ പിതാക്കൻമാരുണ്ടാക്കിയ പാരമ്പര്യം തുടരാൻ, മികവു തെളിയിക്കാൻ അദ്ധ്വാനിക്കുന്ന രണ്ട് യുവനേതാക്കളെ കാണാം. ഒന്ന് കഴിഞ്ഞ ദിവസം അന്തരിച്ച കേന്ദ്രമന്ത്രിയും ലോക് ജൻശക്തി പാർട്ടിയുടെ അമരക്കാരനുമായ രാംവിലാസ് പാസ്വാന്റെ മകനും എംപിയുമായ ചിരാഗ് പാസ്വാൻ. മറ്റൊന്ന് ബിഹാറിലെ മുൻ മുഖ്യമന്ത്രിയും ആർ.ജെ.ഡി പാർട്ടി നേതാവുമായ ലാലു പ്രസാദ് യാദവിന്റെ മകൻ തേജസ്വി യാദവ്. ബിഹാർ രാഷ്ട്രീയത്തെ നിയന്ത്രിച്ച, നയിച്ച രണ്ട് നേതാക്കളില്ലാത്ത, അവരുടെ മക്കൾ കൊടിയേന്തുന്ന ആദ്യ തിരഞ്ഞെടുപ്പാണിത്. പാസ്വാൻ വിടവാങ്ങി. ലാലു കാലിത്തീറ്റ കേസിൽ ജയിലിലും.
നാലുപതിറ്റാണ്ട് വിവിധ മുന്നണികളിൽ കയറി കേന്ദ്രത്തിൽ അധികാര 'തുടർച്ച" പതിവാക്കിയ രാംവിലാസ് പാസ്വാൻ അതിനൊപ്പം സ്വന്തം സംസ്ഥാനമായ ബിഹാറിലെ രാഷ്ട്രീയത്തെയും നിയന്ത്രിച്ചിരുന്നു. ദളിതരുടെ അവകാശപോരാട്ടങ്ങളിലൂടെ ബിഹാർ രാഷ്ട്രീയത്തിൽ വലിയൊരു ഇടമുണ്ടാക്കി. 243 അംഗ നിയമസഭയിലും 40 ലോക്സഭാ സീറ്റുകളിലും ജയിക്കാനുള്ള, നിർണായക ദളിത് വോട്ടുകളുടെ പിൻബലമാണ് അദ്ദേഹത്തെ എല്ലാ കക്ഷികൾക്കും പ്രിയങ്കരനാക്കിയത്. മറ്റൊരു നിയമസഭാ തിരഞ്ഞെടുപ്പിന്റെ പടിവാതുക്കൽ വച്ച് അനാരോഗ്യം പിടിപെടുകയും മരണത്തിന് കീഴടങ്ങുകയും ചെയ്തത് എൽ.ജെ.പി എന്ന പാർട്ടിക്കും അതിന്റെ ആശയങ്ങളെ പിന്തുണച്ച ദളിത് വിഭാഗത്തിനും തീരാ നഷ്ടമാണെന്നതിൽ തർക്കമില്ല.
പിതാവ് പാസ്വാൻ മരണക്കിടക്കയിൽ കിടക്കുമ്പോഴാണ് മകൻ ചിരാഗ് പാട്നയിലും ഡൽഹിയിലും നടന്ന സീറ്റ് വിഭജന ചർച്ചകളിൽ പാർട്ടിയെ പ്രതിനിധീകരിച്ചത്. ജിതിൻ മാഞ്ചിയെന്ന ദളിത് നേതാവിനെ എൻ.ഡി.എയിലേക്ക് തിരിച്ചു കൊണ്ടുവന്നതിനെ ചൊല്ലി മുഖ്യമന്ത്രിയും ജെ.ഡി.യു നേതാവുമായ നിതീഷ് കുമാറുമായി കൊമ്പുകോർക്കാനുള്ള ദൗത്യം ചിരാഗ് ഏറ്റെടുക്കുകയായിരുന്നു.
നിതീഷും പാസ്വാനും തമ്മിലുള്ള വൈര്യം ബിഹാർ രാഷ്ട്രീയ ചരിത്രത്തിന്റെ ഭാഗമാണ്. 2015ലെ തിരഞ്ഞെടുപ്പിൽ ആർ.ജെ.ഡിക്കും കോൺഗ്രസിനുമൊപ്പം മഹാമുന്നണിയിൽ മത്സരിച്ച് ജയിച്ച നിതീഷ് കുമാർ പിന്നീട് പിണക്കം മാറി ബി.ജെ.പിയോട് സന്ധി ചെയ്ത് എൻ.ഡി.എയിൽ തിരിച്ചെത്തിയപ്പോൾ പാസ്വാൻ കയ്പു കടിച്ചിറക്കി മുന്നണി മര്യാദകൾ മാനിച്ച് ഭിന്നതകൾ മൂടിവച്ചു. പക്ഷേ വീണ്ടുമൊരു തിരഞ്ഞെടുപ്പ് ഘട്ടത്തിൽ അതെല്ലാം മറനീക്കി പുറത്തുവന്നു. ബിഹാറിൽ നിതീഷിനെ ഒതുക്കാൻ വഴി തേടുന്ന ബി.ജെ.പി പാസ്വാനെ മുന്നിൽ നിറുത്തി കളിച്ചെന്ന കഥയും കേൾക്കുന്നു.
ഏതായാലും ചർച്ചകൾക്കിടെ പാസ്വാൻ കിടപ്പിലായപ്പോൾ ചിരാഗ് ഡ്രൈവിംഗ് സീറ്റിലെത്തി. പാസ്വാനില്ലാത്ത എൽ.ജെ.പിയെ ഒതുക്കാനുള്ള നിതീഷിന്റെ തന്ത്രങ്ങളിൽ വീഴാതെ വലിയൊരു തീരുമാനവും പ്രഖ്യാപിച്ചു: നിയമസഭാ തിരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന്. എന്നാൽ മുമ്പു പറഞ്ഞ കഥകൾ ശരിവയ്ക്കും വിധം എൻ.ഡി.എയിൽ തുടരുകയും ബി.ജെ.പിയുമായി ധാരണയിൽ നീങ്ങുകയും ചെയ്യും. തീരുമാനങ്ങൾ പാസ്വാനും കൂടി ചേർന്നെടുത്തതാവാം. എങ്കിലും പാർട്ടി ഒറ്റയ്ക്ക് സ്ഥാനാർത്ഥികളുടെ ആദ്യ പട്ടിക പ്രസിദ്ധീകരിച്ച ദിവസം തന്നെ പാസ്വാൻ യാത്രയായി.
ഡൽഹിയിൽ മരിച്ച പിതാവിന്റെ ഭൗതിക ശരീരം ബിഹാറിലെത്തിച്ച് അദ്ദേഹം തിരഞ്ഞെടുപ്പിൽ റെക്കാഡ് ഭൂരിപക്ഷം കുറിച്ച ഹാജിപ്പൂരിലും പാട്നാ നിയമസഭാ മന്ദിരത്തിലുമെല്ലാം പൊതുദർശനം നടത്തി വിലാപയാത്രയായി ഗംഗാതീരത്ത് സംസ്കാരവും നടത്തി സഹതാപ തരംഗം സ്വരൂപിക്കാനുള്ള വഴികളൊന്നും ചിരാഗ് നഷ്ടപ്പെടുത്തിയില്ല. അതുപയോഗപ്പെടുത്തി പാസ്വാനില്ലാത്ത ബീഹാർ തിരഞ്ഞെടുപ്പിൽ പ്രചാരണത്തിൽ പാർട്ടിയെ നയിക്കേണ്ട ദൗത്യമാണിനി. പാർലമെന്റിൽ പിതാവിനെ സാക്ഷി നിറുത്തി മികച്ച പ്രസംഗങ്ങൾ നടത്തി, ചർച്ചകളിലെ ഇടപെടലുകൾ വഴി ചിരാഗ് രാഷ്ട്രീയ വൈദഗ്ദ്ധ്യം തെളിച്ചിട്ടുണ്ട്. പാസ്വാന്റെ ഒഴിവിൽ കേന്ദ്രമന്ത്രിസഭയിലേക്കുള്ള വഴിയും അദ്ദേഹത്തിന് മുന്നിൽ തുറന്നു കിടക്കുന്നു.
തേജസ്വി യാദവിന് ആർ.ജെ.ഡിയെ തിരഞ്ഞെടുപ്പിൽ നയിക്കേണ്ട ദൗത്യം വന്നതും ആകസ്മികമെന്ന് പറയാം. കഴിഞ്ഞ തിരഞ്ഞെടുപ്പുകളിൽ നയിക്കാൻ , പിതാവും ബീഹാറിന്റെ സ്വന്തവുമായ ലാലുപ്രസാദ് യാദവ് മുന്നിലുണ്ടായിരുന്നു. കാലിത്തീറ്റ കുംഭകോണകേസിൽ തടവു ശിക്ഷയ്ക്ക് വിധിക്കപ്പെട്ട ലാലുവിന് നിയമസഭ തിരഞ്ഞെടുപ്പിലും പ്രചാരണ പരിപാടികളിലും പങ്കെടുക്കാനാകില്ല. ലാലുവില്ലാത്ത നിയമസഭാ തിരഞ്ഞെടുപ്പ് ബിഹാറിൽ ഇതാദ്യം.
2015ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ജയിച്ച് മഹാമുന്നണി സർക്കാർ രൂപീകരിച്ചപ്പോൾ നിതീഷ് കുമാർ സർക്കാരിൽ തേജസ്വി യാദവ് ഉപമുഖ്യമന്ത്രിയായിരുന്നു. എന്നാൽ നിതീഷ് എൻ.ഡി.എയിലേക്ക് തിരികെ പോയതോടെ അതു നഷ്ടമായി. അന്നു മുതൽ ബീഹാർ രാഷ്ട്രീയത്തിൽ സ്വന്തം മേൽവിലാസമുറപ്പിക്കാനുള്ള ശ്രമത്തിലാണ് തേജസ്വി.
വീട്ടിൽ പശുവിനെ നോക്കി, കറവക്കണക്കെടുത്ത്,റൊട്ടിയും പരിപ്പുകറിയുമുണ്ടാക്കി വീട്ടമ്മയായി വാണ ഭാര്യ റാബ്രി ദേവിയെ കേസുവന്നപ്പോൾ താത്ക്കാലികമായി മുഖ്യമന്ത്രിയാക്കിയ ആളാണ് ലാലു. പക്ഷേ തന്നെ അങ്ങനെ താത്ക്കാലികമായി പ്രതിഷ്ഠിച്ചതല്ലെന്ന് തെളിയിക്കാൻ മകൻ തേജസ്വിക്ക് തിരഞ്ഞെടുപ്പൊരു വെല്ലുവിളിയാണ്. മഹാമുന്നണിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി അതു തെളിയിക്കാനൊരുങ്ങുകയാണ് തേജസ്വി.
പിതാക്കൻമാരുടെ വഴി തിരഞ്ഞെടുക്കാൻ തുടക്കത്തിൽ മടിച്ചവരാണ് രണ്ടുപേരും. തേജസ്വിക്ക് ക്രിക്കറ്റിലായിരുന്നു കമ്പം. രഞ്ജിയിലും ഐ.പി.എല്ലിൽ ഡൽഹി ടീമിലുമൊക്കെ മുഖം കാണിച്ചതല്ലാതെ ക്ളിക്കായില്ല. ചിരാഗിന് താത്പര്യം സിനിമയുടെ ഗ്ളാമറിലായിരുന്നു. 2011ൽ ഇറങ്ങിയ മിലേ നാ മിലേ ഹം എന്ന ബോളിവുഡ് ചിത്രത്തിൽ നായകനായി. കങ്കണാ റെണൗട്ട് നായികയായ പടം പക്ഷേ ശ്രദ്ധിക്കപ്പെട്ടില്ല. പിന്നീട് രാഷ്ട്രീയത്തിലേക്ക്.
ബീഹാറിൽ മൂന്നു പതിറ്റാണ്ടോളം നിതീഷ് കുമാറിനെതിരെ പോരാടിയ ലാലുവും പാസ്വാനുമില്ലാത്ത തിരഞ്ഞെടുപ്പ് ഗോദയിൽ ഇനി മക്കളുടെ ഊഴം. എൽ.ജെ.പിയുടെ ശക്തിയായ ദളിത് വിഭാഗത്തെ നയിച്ച് ചിരാഗും യാദവ വോട്ട് ബാങ്കിന്റെ ശക്തിയിൽ തേജസ്വിയും. ഒരു തിരഞ്ഞെടുപ്പ് കൊണ്ട് നിശ്ചയിക്കപ്പെടുന്നതല്ല രാഷ്ട്രീയ ഭാവിയെങ്കിലും വളർച്ചയുടെ പടവിൽ വിജയത്തിന് നിർണായക പങ്കുള്ളതിനാൽ ബീഹാർ ജനവിധി കാക്കാം.