
ന്യൂഡൽഹി: ശാരീരികമായി അധിക്ഷേപിച്ചെന്നാരോപിച്ച് ഭർത്താവിനും കുടുംബാംഗങ്ങൾക്കും എതിരെ പരാതിയുമായി യുവതി പൊലീസ് സ്റ്റേഷനിൽ. ഗുജറാത്ത് വഡോദര സുരേന്ദ്ര നഗറിൽ സൺ ഫാർമ റോഡിൽ നമിത പരേക്ക് എന്ന യുവതിയാണ് പരാതിയുമായി വഡോദരയിലെ ജെ.പി. നഗർ പൊലീസ് സ്റ്റേഷനിൽ എത്തിയത്. പരാതിയുടെ അടിസ്ഥാനത്തിൽ ഭർത്താവിനും കുടുംബത്തിനുമെതിരെ പൊലീസ് കേസെടുത്തു.
2017 ഡിസംബറിലായിരുന്നു റുഷാബ് പരേക്കുമായി ഇവരുടെ വിവാഹം. റുഷാബിന്റെ മാതാപിതാക്കൾക്കൊപ്പമാണ് ദമ്പതികൾ താമസിക്കുന്നത്. വിവാഹം കഴിഞ്ഞ അന്ന് മുതൽ ആരംഭിച്ചതാണ് തനിക്കെതിരെയുള്ള ആക്ഷേപമെന്ന് യുവതി പരാതിയിൽ പറയുന്നു. അമിതഭാരമുള്ളതിനാൽ നിരന്തരം 'തടിച്ചി 'എന്ന് വിളിച്ച് അപമാനിച്ചു. ദിവസത്തിൽ ഒരുനേരം മാത്രമെ ഭക്ഷണം കഴിക്കാൻ അനുവദിച്ചിരുന്നുള്ളുവെന്നും യുവതി പരാതിയിൽ പറയുന്നു. തുടർച്ചയായി തൈറോയിഡ് പരിശോധനയ്ക്ക് വിധേയയാക്കി.
വീട്ടുകാർ നിരന്തരം വ്യായാമത്തിന് നിർബന്ധിക്കുമെന്നും വീട് വൃത്തിയായി കിടന്നാലും ആവർത്തിച്ച് വൃത്തിയാക്കാൻ ആവശ്യപ്പെടുമായിരുന്നെന്നും പരാതിയിൽ പറയുന്നു. ജൂലായ് 27 വരെ ഭർത്താവും വീട്ടുകാരും നിരന്തരമായി ഉപദ്രവിച്ചെന്നും തുടർന്ന് വീട്ടിലേക്ക് പോകുകയായിരുന്നെന്നും യുവതി പറഞ്ഞു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.