ias

ന്യൂഡൽഹി: നിയമപ്രകാരമുള്ള പ്രസവാവധി ആറുമാസമുണ്ട്. എന്നാൽ കൊവിഡ് സാഹചര്യം കണക്കിലെടുത്ത് പ്രസവിച്ച് രണ്ടാഴ്ച തികഞ്ഞപ്പോഴേക്കും കൈക്കുഞ്ഞുമായി ഓഫീസിൽ ഡ്യൂട്ടിക്കെത്തിയ ഐ.എ.എസ് ഓഫീസർക്ക് അഭിനന്ദനപ്രവാഹം. മോദിനഗർ സബ് ഡിവിഷനൽ മജിസ്‌ട്രേറ്റായ സൗമ്യ പാണ്ഡെയാണ് കുഞ്ഞുമായി ഓഫീസിലെത്തിയത്. നിലവിൽ ഗാസിയബാദ് ജില്ലയിലെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്ന നോഡൽ ഓഫിസറാണ് സൗമ്യ പാണ്ഡെ.

'ഞാൻ ഒരു ഐ.എ.എസ് ഓഫീസറാണ്. അതിനാൽ എന്റെ ഉത്തരവാദിത്വം നിറവേറ്റണം. ഈ കൊവിഡ് കാലത്ത് എല്ലാവർക്കും ഒരേപോലെ ഉത്തരവാദിത്വമുണ്ട്. ദൈവം സ്ത്രീകൾക്ക് കുഞ്ഞുങ്ങളെ പ്രസവിക്കുന്നതിനും നോക്കി വളർത്തുന്നതിനും ശക്തി തന്നു. ഇന്ത്യയുടെ ഗ്രാമപ്രദേശങ്ങളിൽ പ്രസവിച്ച് തൊട്ടടുത്ത ദിവസം മുതൽ സത്രീകൾ വീട്ടുജോലികൾ ചെയ്യുകയും സ്വന്തം കാര്യങ്ങൾ നോക്കി നടത്തുകയും ചെയ്യും. അതോടൊപ്പം അവർ കുഞ്ഞുങ്ങളെയും നോക്കും. അതുപോലെ എന്റെ കുഞ്ഞിനെയുംകൊണ്ട് ഭരണപരമായ ജോലികൾ ചെയ്യാൻ സാധിക്കുന്നത് ദൈവത്തിന്റെ അനുഗ്രഹമാണ്.' - സൗമ്യ പാണ്ഡെ എ.എൻ.ഐയോട് പറഞ്ഞു.

കുടുംബവും സഹപ്രവർത്തകരും തന്നെ പിന്തുണയ്ക്കുന്നുവെന്നും അവർ കൂട്ടിച്ചേർത്തു. ജൂലായിലാണ് സൗമ്യയെ കൊവിഡ് നോഡൽ ഓഫീസറായി നിയമിക്കുന്നത്. തുടർന്ന് രണ്ടുമാസം ജോലിചെയ്തു. സെപ്തംബറിൽ പ്രസവ ശസ്ത്രക്രിയയ്ക്കായി 22 ദിവസം അവധിയെടുത്തു. കുഞ്ഞ് പിറന്ന് 14 ദിവസത്തിന് ശേഷം ജോലിയിൽ മടങ്ങിയെത്തി.

കൈക്കുഞ്ഞുമായി ഓഫീസിലെത്തിയ സൗമ്യ പാണ്ഡെയുടെ ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായി.