
വോട്ടർ ഐ.ഡിയും പാൻകാർഡും പൗരത്വത്തിന് തെളിവല്ലെന്നും കോടതി
ന്യൂഡൽഹി: വിദേശ പൗരന്മാർ ഇന്ത്യയിൽ നിന്ന് വിവാഹം കഴിക്കുന്നതിലൂടെ ഇന്ത്യൻ പൗരത്വം നേടാനാകില്ലെന്ന് പാട്ന ഹൈക്കോടതി. ഇന്ത്യൻ വോട്ടർ ഐ.ഡിയും പാൻകാർഡും കൈവശമുണ്ടെങ്കിൽ ഇന്ത്യൻ പൗരനാണെന്ന് കണക്കാക്കാൻ കഴിയില്ലെന്നും ചീഫ് ജസ്റ്റിസ് സഞ്ജയ് കരോൾ അടങ്ങിയ മൂന്നംഗ ബെഞ്ച് നിരീക്ഷിച്ചു.
ബീഹാറുകാരനായ അശോക് പ്രസാദ് ഗുപ്തയുടെ ഭാര്യ നേപ്പാൾ സ്വദേശി കിരൺ ഗുപ്തയുടെ ഹർജി തള്ളിക്കൊണ്ടാണ് കോടതി പരാമർശം. 2003ൽ അശോകിനെ വിവാഹം കഴിച്ച അന്നു മുതൽ കിരൺ ഇന്ത്യയിൽ സ്ഥിരതാമസക്കാരിയാണ്.
2008ൽ കിരണിന്റെ പേർ വോട്ടർ പട്ടികയിൽ രജിസ്റ്റർ ചെയ്തു. ആധാറും പാൻകാർഡും ബാങ്ക് പാസ്ബുക്കുമടക്കം ഇന്ത്യൻ വിലാസത്തിൽ തിരിച്ചറിയൽ കാർഡുകളുമുണ്ട്.
2018ൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം.
തിരഞ്ഞെടുപ്പിൽ ജയിച്ചെങ്കിലും കിരൺ വിദേശിയാണെന്നും ഇന്ത്യൻ പൗരത്വമില്ലാവർക്ക് തിരഞ്ഞെടുപ്പിന്റെ ഭാഗമാകാൻ കഴിയില്ലെന്നും കാണിച്ച് എതിർ കക്ഷി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണറെ സമീപിച്ചതോടെ കിരണിന്റെ ജയം സ്റ്റേ ചെയ്തു. താൻ നേപ്പാൾ പൗരത്വം സ്വമേധയാ ഉപേക്ഷിച്ചെന്നും ഇന്ത്യക്കാരിയായാണ് ജീവിക്കുന്നതെന്നും അതിനാൽ തനിക്ക് പൗരത്വത്തിന് അവകാശമുണ്ടെന്നും കാണിച്ച് ആദ്യം കീഴ് കോടതികളെയും ശേഷം ഹൈക്കോടതിയേയും സമീപിക്കുകയായിരുന്നു.