covid

ന്യൂഡൽഹി: രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 72 ലക്ഷം കടന്നു. മരണം 1.10 ലക്ഷവും പിന്നിട്ടു. രാജ്യത്തെ ശരാശരി പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണത്തിൽ തുടർച്ചയായ അഞ്ചാം ആഴ്ചയും കുറവുണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

കഴിഞ്ഞ 24 മണിക്കൂറിനിടെ 55,342 പുതിയ രോഗികൾ. ദിവസേനയുള്ള പുതിയ കേസുകളുടെ പ്രതിവാര ശരാശരി സെപ്തംബർ രണ്ടാം വാരത്തിലെ 92,830ൽ നിന്ന് ഒക്ടോബർ രണ്ടാം ആഴ്ചയിലായപ്പോഴേക്കും 70,114 ആയി കുറഞ്ഞു. ചികിത്സയിലുള്ളവരുടെ എണ്ണവും തുടർച്ചയായി കുറയുകയാണ്.

ഏറ്റവും കൂടുതൽ പുതിയ രോഗികളുടെ കാര്യത്തിൽ കർണാടക, മഹാരാഷ്ട്രയെ മറികടന്നു. കർണാടക, കേരളം, രാജസ്ഥാൻ, പശ്ചിമ ബംഗാൾ, ഛത്തീസ്ഗഢ് എന്നിവിടങ്ങളിലാണ് കൂടുതൽ കേസുകൾ.

ദശലക്ഷത്തിലെ രോഗികൾ ആഗോളതലത്തിൽ 4,794 ആണ്. ഇന്ത്യയിലിത് 5,199. ബ്രിട്ടൻ, റഷ്യ, ദക്ഷിണാഫ്രിക്ക, യു.എസ്.എ, ബ്രസീൽ എന്നീ രാജ്യങ്ങളിൽ ദശലക്ഷത്തിലെ കൊവിഡ് കേസുകളുടെ എണ്ണം കൂടുതൽ ആണ്. ഇന്ത്യയിൽ ദശലക്ഷത്തിൽ കൊവിഡ് മരണങ്ങൾ 79 ആണ്. ലോക ശരാശരി 138. ആകെ പരിശോധനകളുടെ കാര്യത്തിലും മികച്ച നിലയിലാണ് ഇന്ത്യ. ആകെ പരിശോധനകൾ 8.89 കോടിയായി.
ആകെ രോഗമുക്തർ 62 ലക്ഷം കവിഞ്ഞു.

കൊവിഡ് മരണങ്ങൾ തുടർച്ചയായ പത്താം ദിവസവും ആയിരത്തിൽ താഴെയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 706 മരണം.