chi

ന്യൂഡൽഹി: വടക്കൻ ലഡാക് അതിർത്തിയിൽ സമാധാനം നിലനിറുത്താനും സൈനിക പിന്മാറ്റത്തിനായി നയതന്ത്ര - സൈനിക തലങ്ങളിൽ ചർച്ച തുടരാനും തിങ്കളാഴ്‌ച ഇരു രാജ്യങ്ങളുടെയും സൈനിക കമാൻഡർമാരുടെ യോഗത്തിൽ ധാരണയായെന്ന് കരസേന പ്രസ്‌താവനയിൽ അറിയിച്ചു. സൈനിക കമാൻഡർമാർ തമ്മിൽ നടന്ന ഏഴാം ഘട്ട ചർച്ച ഉച്ചയ്‌ക്ക് 12 തുടങ്ങി രാത്രി 11.30 വരെ നീണ്ടു.

ഇരുരാജ്യങ്ങളിലെയും നേതാക്കൾ തമ്മിലുണ്ടാക്കിയ ധാരണകൾ നടപ്പാക്കാനും ഭിന്നതകൾ തർക്കങ്ങളിലേക്ക് എത്താതിരിക്കാൻ ശ്രമിക്കാനും ഇരുപക്ഷവും ധാരണയിലെത്തി. സൈനിക പിൻമാറ്റം സംബന്ധിച്ച നടപടികളെക്കുറിച്ച് ആഴത്തിൽ വിശകലനം ചെയ്യുകയും അഭിപ്രായങ്ങൾ കൈമാറുകയും ചെയ്‌തു. അതിർത്തിയിൽ സമാധാനവും ശാന്തതയും നിലനിറുത്താൻ സംയുക്ത നടപടികളുണ്ടാകും. ചർച്ചകൾ ക്രിയാത്മകവും കൃത്യവുമായിരുന്നുവെന്നും ഇരു പക്ഷത്തിന്റെയും അവസ്ഥകൾ പരസ്പരം മനസിലാക്കിയെന്നും കരസേനാ വക്താവ് അറിയിച്ചു.

ലെഫ്. ജനറൽ പി.ജി.കെ മേനോൻ ചുമതലയേറ്റു

ചൈനയോട് ചേർന്ന വടക്കൻ ലഡാക് അതിർത്തി, പാകിസ്ഥാനുമായി അതിർത്തി പങ്കിടുന്ന ദ്രാസ്-കാർഗിൽ-ബട്ടാലിക് മേഖല, സിയാച്ചിൻ മേഖല തുടങ്ങിയ തന്ത്ര പ്രധാന പ്രദേശങ്ങളുടെ ചുമതലകളുള്ള ലേയിലെ ഫയർ ആൻഡ് ഫ്യൂരി 14-ാം കോർപ്‌സിന്റെ നേതൃത്വം ലഫ്. ജനറൽ ഹരീന്ദർ സിംഗിൽ നിന്ന് മലയാളിയായ ലെഫ്. ജനറൽ പി.ജി.കെ. മേനോൻ ഏറ്റെടുത്തു. ഒരു വർഷമായി 14-ാം കോർപ്‌സിനെ നയിക്കുന്ന ലെഫ്. ജനറൽ സിംഗ് ഡെറാഡൂൺ ഇന്ത്യൻ മിലിട്ടറി അക്കാഡമി കമാൻഡറായി ചുമതലയേൽക്കും. വടക്കൻ ലഡാക് അതിർത്തിയിൽ സംഘർഷം ഉടലെടുത്ത ശേഷം ചൈനീസ് പക്ഷവുമായി ഏഴു വട്ടം നടത്തിയ ഉന്നതതല സൈനിക ചർച്ചകൾക്ക് നേതൃത്വം നൽകിയത് അദ്ദേഹമാണ്.

ന്യൂഡൽഹി കരസേനാ ആസ്ഥാനത്ത് കംപ്ളയിന്റ്സ് അഡ്വൈസറി ബോർഡ് അഡീഷണൽ ഡയറക്‌ടർ ജനറലായിരിക്കെയാണ്, മേനോൻ ലേയിൽ പുതിയ ദൗത്യം ഏറ്റെടുക്കുന്നത്. 14-ാം കോർപ്സിൽ സൈനിക ഓപ്പറേഷനുകളുടെ ചുമതലയുള്ള ബ്രിഗേഡിയർ ജനറൽ സ്റ്റാഫായി പ്രവർത്തിച്ചിട്ടുണ്ട്. ആസാമിലെ 71-ാം ഇൻഫൻട്രി ഡിവിഷൻ ജനറൽ ഓഫീസർ കമാൻഡിംഗ് ആയിരിക്കെ 2018ൽ അരുണാചൽ പ്രദേശ് - ടിബറ്റ് അതിർത്തിയിൽ ചൈനയുമായി നടന്ന മേജർ ജനറൽ തല ചർച്ചയിൽ ഇന്ത്യൻ സംഘത്തെ നയിച്ചത് ലെഫ്. ജനറൽ മേനോൻ ആയിരുന്നു. സിക്ക് റെജിമെന്റിന്റെ 17-ാം ബറ്റാലിയനിൽ കമ്മിഷൻഡ് ഓഫീസറായാണ് അദ്ദേഹത്തിന്റെ തുടക്കം. പിന്നീട് ബറ്റാലിയന്റെ കേണൽ കമാൻഡന്റുമായി.

അതിർത്തിയിൽ ചൈനയുടെ പ്രകോപനം നിലനിൽക്കുന്ന സാഹചര്യത്തിൽ ദുഷ്‌കരമായ മേഖലയിൽ ശീതകാലത്ത് സൈന്യത്തെ പൂർണസജ്ജമായി നിലനിറുത്തേണ്ട ദൗത്യമാണ് മേനോന് മുന്നിലുള്ളത്.