
ഇരയായത് ഉറങ്ങിക്കിടന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾ
ന്യൂഡൽഹി: ഉത്തർപ്രദേശിൽ പ്രായപൂർത്തിയാകാത്ത മൂന്ന് ദളിത് സഹോദരിമാർക്ക് നേരെ ആസിഡ് ആക്രമണം. ഉത്തർപ്രദേശിലെ ഗോണ്ട ജില്ലയിലെ പർസാപൂരിലെ വീട്ടിൽ ഉറങ്ങിക്കിടന്ന 8, 12, 17 വയസുള്ള പെൺകുട്ടികളുടെ ദേഹത്തേക്ക് അജ്ഞാതനായ അക്രമി ആസിഡ് ഒഴിക്കുകയായിരുന്നു. ഇന്നലെ പുലർച്ചെ 1.30നാണ് സംഭവം.
മാതാപിതാക്കൾ വരാന്തയിലും പെൺകുട്ടികൾ ഒന്നാം നിലയിലെ മുറിയിലുമായി ഉറങ്ങിക്കിടക്കുകയായിരുന്നെന്ന് പെൺകുട്ടികളുടെ അച്ഛൻ പറഞ്ഞു. ഏണി ഉപയോഗിച്ച് വീടിന്റെ ഒന്നാം നിലയിൽ കയറി അക്രമി തുറന്ന് കിടന്ന ജനലിലൂടെ പെൺകുട്ടികളുടെ നേർക്ക് ആസിഡ് ഒഴിച്ചശേഷം കടന്നുകളയുകയായിരുന്നു. കുട്ടികളുടെ നിലവിളി കേട്ട് ഉണർന്ന മാതാപിതാക്കൾ വാതിൽ തുറന്ന് അകത്ത് കയറിയപ്പോൾ പൊള്ളലേറ്റ് അലറിക്കരയുന്ന കുട്ടികളെയാണ് കണ്ടത്.
17വയസുകാരിക്ക് 30 ശതമാനം പൊള്ളലേറ്റു. 12 വയസുകാരിക്ക് 20 ശതമാനവും എട്ടുവയസുകാരിക്ക് ഏഴ് ശതമാനവും പൊള്ളലേറ്റിട്ടുണ്ട്. മൂവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടികൾ അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു. ആക്രമണത്തിന് പിന്നിൽ ആരാണെന്ന് അറിയില്ലെന്നും പെൺകുട്ടികളുടെ മാതാപിതാക്കൾ പറഞ്ഞു.
സംഭവത്തിൽ പൊലീസ് ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.
പെൺകുട്ടികളുടെ ദേഹത്ത് ഒഴിച്ച രാസപദാർത്ഥം പരിശോധിച്ച് വരികയാണെന്നും അവർ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണെന്നും ഗോണ്ട എസ്.പി. ശൈലേഷ് കുമാർ പറഞ്ഞു. അക്രമിക്ക് വീടിനെക്കുറിച്ചും പെൺകുട്ടികൾ ഉറങ്ങുന്ന സ്ഥലത്തെക്കുറിച്ചും കൃത്യമായ ധാരണയുണ്ടായിരുന്നു. അതിനാലാണ് ഏണി ഉപയോഗിച്ച് ഒന്നാംനിലയിൽ കയറിപ്പറ്റിയത്. സംഭവസ്ഥലത്ത് ഫോറൻസിക് സംഘം പരിശോധന നടത്തിയെന്നും പ്രതികളെ ഉടൻ പിടികൂടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അക്രമത്തിന്റെ പിന്നിലെ കാരണം കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. മൂത്തപെൺകുട്ടിക്ക് ഇക്കാര്യത്തിൽ എന്തെങ്കിലും തുമ്പ് നൽകാനാവുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.
സ്ത്രീകൾക്കെതിരെ അതിക്രമം നടത്തുന്ന പ്രതികളെ യു.പി സർക്കാർ രാഷ്ട്രീയപരമായും അല്ലാതെയും പിന്തുണയ്ക്കുന്നതിനാലാണ് സംസ്ഥാനത്ത് അക്രമങ്ങൾ തുടർക്കഥയാകുന്നത്.
- പ്രിയങ്ക ഗാന്ധി, എ.ഐ.സി.സി. ജനറൽ സെക്രട്ടറി