
ന്യൂഡൽഹി: ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് കുമാർ ദേബിനെ മാറ്റണമെന്നാവശ്യപ്പെട്ട് ഡൽഹിയിലെത്തിയ എം.എൽ.എമാരെ അനുനയിപ്പിക്കാൻ ബി.ജെ.പി കേന്ദ്ര നേതൃത്വം. പ്രശ്‌നപരിഹാരത്തിനായി മുതിർന്ന നേതാവിനെ സംസ്ഥാനത്തേക്ക് അയച്ചേക്കും. മുഖ്യമന്ത്രിയെ മാറ്റുകയോ തങ്ങൾക്ക് ഉയർന്ന സ്ഥാനങ്ങൾ നൽകുകയോ വേണമെന്നാണ് വിരുദ്ധ എം.എൽ.എമാരുടെ ആവശ്യം. ഇവർക്ക് പാർട്ടിയിലോ സർക്കാരിലോ ഉയർന്ന പദവി നൽകിയേക്കും.
ദുർഗാപൂജയ്ക്ക് ശേഷം മന്ത്രിസഭാ പുനഃസംഘടനയുണ്ടാകും. മുൻ മന്ത്രി സുദീപ് റോയ് ബർമ്മന്റെ നേതൃത്വത്തിൽ 12 ബി.ജെ.പി എം.എൽ.എമാരാണ് ഡൽഹിയിൽ ക്യാമ്പ് ചെയ്യുന്നത്. ദേശീയ അദ്ധ്യക്ഷൻ നദ്ദയ്ക്ക് പരാതി നൽകിയ സംഘം പ്രധാനമന്ത്രി, ആഭ്യന്തരമന്ത്രി എന്നിവരെ കാണാനും ശ്രമിക്കുന്നുണ്ട്.
ഭരണപ്രതിസന്ധിയില്ലെന്ന് പറയുമ്പോഴും സഖ്യകക്ഷിയായ ഐ.പി.എഫ്.ടിയുമായി സുദീപ് റോയ് ബർമൻ ചർച്ച നടത്തുന്നതിൽ പാർട്ടിക്ക് ആശങ്കയുണ്ട്. ത്രിപുര ട്രൈബൽ മേഖല സ്വയംഭരണ ജില്ലാ കൗൺസിൽ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് വിമത ശബ്ദമുയരുന്നത്.