hat

അമ്മയെ ആശുപത്രിയിലാക്കി

ന്യൂഡൽഹി: ഹാഥ്‌രസിൽ കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ദളിത് പെൺകുട്ടിയുടെ മൃതദേഹം സംസ്‌കരിച്ച സ്ഥലവും ആക്രമിക്കപ്പെട്ട സ്ഥലവും സി.ബി.ഐ അന്വേഷണ സംഘം പരിശോധിച്ചു. ഇവിടെ നിന്നും കേന്ദ്ര ഫോറൻസിക് സയൻസ് ലബോറട്ടറിയിലെ വിദഗ്ദ്ധർ സാമ്പിളുകൾ ശേഖരിച്ചു.

പെൺ‌കുട്ടിയുടെ സഹോദരന്റെ മൊഴി സി.ബി.ഐ സംഘം രേഖപ്പെടുത്തി. ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് പെൺ‌കുട്ടിയുടെ അമ്മയെ ആശുപത്രിയിലേക്ക് മാറ്റി. രക്തസമ്മർദ്ദമടക്കമുള്ള ആരോഗ്യപ്രശ്‌നങ്ങളുണ്ടെങ്കിലും അച്ഛൻ ആശുപത്രിയിൽ പോകാൻ വിസമ്മതിച്ചു. തുടർന്ന് മെഡിക്കൽ സംഘം വീട്ടിലെത്തി അച്ഛനെ പരിശോധിച്ചു. കഴിഞ്ഞദിവസം അലഹാബാദ് ഹൈക്കോടതിയുടെ ലക്നൗ ബെഞ്ചിൽ ഹാജരായ കുടുംബം വൈകിയാണ് ഗ്രാമത്തിലെത്തിയത്.

സഹോദരനെ അറസ്റ്റ് ചെയ്തെന്ന് അഭ്യൂഹങ്ങൾ പരന്നെങ്കിലും വാർത്ത സി.ബി.ഐ വക്താവ് തള്ളി. അതിനിടെ ചണ്ഡീഗഡ് ആന്റി കറപ്ഷൻ ബ്യൂറോ ഡെപ്യൂട്ടി എസ്.പി, സീമ പഹൂജ, ഡൽഹി അഡിഷണൽ എസ്.പി വി.കെ. ശുക്ല, ഡെപ്യൂട്ടി എസ്.പി ആർ.ആർ ത്രിപാഠി, സ്‌പെഷ്യൽ ക്രൈം വിഭാഗത്തിലെ ഇൻസ്‌പെകടർ എസ്. ശ്രീമതി എന്നിവർ അന്വേഷണ സംഘത്തോടൊപ്പം ചേർന്നിട്ടുണ്ട്.

കേസ് യു.പിക്ക് പുറത്തേക്ക് മാറ്റണമെന്ന കുടുംബത്തിന്റെ ആവശ്യം ഹൈക്കോടതിയിൽ യു.പി സർക്കാർ എതിർത്തേക്കും. നീതി കിട്ടാതെ മരണാനന്തര ചടങ്ങുകൾ നടത്തില്ലെന്ന നിലപാടിലുറച്ച് നിൽക്കുകയാണ് കുടുംബം.

'എന്നെ പീഡിപ്പിച്ചു"

താൻ ബലാത്സംഗത്തിനിരയായി എന്ന് പെൺകുട്ടി പറയുന്ന മൂന്നു വീഡിയോകളും സി.ബി.ഐ സംഘം പരിശോധിക്കും. പീഡനം തടഞ്ഞപ്പോൾ അവർ തന്റെ കഴുത്ത് ഞെരിച്ചുവെന്ന് സെപ്തംബർ 14ന് ചാന്ദ്പ പൊലീസ് സ്‌റ്റേഷന് പുറത്തുവച്ച് എടുത്ത 48 സെക്കൻഡ് വീഡിയോയിൽ പെൺകുട്ടി പറയുന്നുണ്ട്. ഈ വീഡിയോയിൽ വെറും നിലത്ത് കിടക്കുകയാണ് പെൺകുട്ടി.
ഹാഥ്‌രസിലെ ജില്ലാ ആശുപത്രിയിൽ നിന്നെടുത്തതാണ് 46 സെക്കന്റുള്ള രണ്ടാമത്തെ വീഡിയോ.

'സന്ദീപ് എന്നെ ആക്രമിച്ചു. പുല്ല് ശേഖരിക്കാൻ പോയപ്പോൾ പീഡിപ്പിക്കാൻ ശ്രമിച്ചു. എതിർത്തപ്പോൾ കഴുത്ത് ഞെരിച്ചു. നാക്ക് മുറിക്കാൻ ശ്രമിച്ചെന്നും' പറയുന്നുണ്ട്.
സെപ്തംബർ 22ന് അലിഗഡ് ജവഹർലാൽ നെഹ്‌റു മെഡിക്കൽ കോളേജിൽ നിന്നെടുത്ത മൂന്നാമത്തെ വീഡിയോ 5 മിനിട്ടും 17 സെക്കന്റുമുണ്ട്.

'രവിയും സന്ദീപും ചേർന്ന് എന്നെ പീഡിപ്പിച്ചു. അമ്മ വരുന്നത് കണ്ടപ്പോൾ മറ്റുള്ളവർ ഓടിപ്പോയി. എന്നെ അവർ ഭീഷണിപ്പെടുത്തി. അവർ ഒരുമാസം മുമ്പും പീഡിപ്പിക്കാൻ ശ്രമിച്ചിരുന്നു. അന്ന് ഞാൻ ഓടി രക്ഷപ്പെട്ടു."- ഈ വീഡിയോയിൽ പെൺകുട്ടിയുടെ അമ്മയും സംഭവത്തെക്കുറിച്ച് വിവരിക്കുന്നുണ്ട്.