jdu

ന്യൂഡൽഹി: ബീഹാർ നിയമസഭാ തിര‌ഞ്ഞെടുപ്പിന് രണ്ടാഴ്ച മാത്രം ബാക്കിനിൽക്കെ എൻ.ഡി.എയ്ക്ക് തലവേദനയായി വിമത ശല്യം. പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ സിറ്റിംഗ് എം.എൽ.എയും മുൻ മന്ത്രിമാരുമടക്കം 15 പേരെ ഭരണകക്ഷിയായ ജെ.ഡി.യു പുറത്താക്കി. സീറ്റ് നിഷേധിക്കപ്പെട്ട് വിമതരായി മത്സരിക്കുന്ന എം.എൽ.എ ദാദൻ സിംഗ് യാദവ്, മുൻ മന്ത്രിമാരായ രാമേശ്വർ പസ്വാൻ, ഭഗ്‌വാൻസിംഗ് കുശ്വാഹ, മുൻ എം.എൽ.എമാരായ രൺവിജയ് സിംഗ്, സുമിത് കുമാർ സിംഗ്, വനിതാവിഭാഗം അദ്ധ്യക്ഷ കഞ്ചൻകുമാരി ഗുപ്ത തുടങ്ങിയവരെയാണ് ആറുവർഷത്തേക്ക് പുറത്താക്കിയത്.

കഴിഞ്ഞദിവസം എൽ.ജെ. പി ടിക്കറ്റിൽ മത്സരിക്കാൻ തീരുമാനിച്ച ഒമ്പത് നേതാക്കളെ ബി.ജെ.പിയും പുറത്താക്കിയിരുന്നു.
എൻ.ഡി.എയുടെ ഭാഗമായിരുന്ന എൽ.ജെ.പി നൂറിലേറെ സീറ്റുകളിൽ തനിച്ച് മത്സരിക്കാൻ തീരുമാനിച്ചതാണ് എൻ.ഡി.എയ്ക്ക് തിരിച്ചടിയായത്. ബി.ജെ.പിയും ജെ.ഡി.യുവും പ്രഖ്യാപിച്ച ആദ്യ ഘട്ട ലിസ്റ്റിൽ ഉൾപ്പെടാതെ പോയ നേതാക്കൾ എൽ.ജെ.പിയിലും മറ്റുപാർട്ടികളിലുമായി മത്സരരംഗത്തുണ്ട്.

അതേസമയം ബീഹാറിൽ അമ്പതോളം സീറ്റുകളിൽ മത്സരിക്കുമെന്ന് ശിവസേനയും തനിച്ചു മത്സരിക്കുമെന്ന് എൻ.സി.പി, ലോക് താന്ത്രിക് ജനതാദൾ എന്നീ പാർട്ടികളും പ്രഖ്യാപിച്ചിട്ടുണ്ട്.


തപാൽ വോട്ടിന് 52000

ഒക്ടോബർ 28 നുള്ള ആദ്യഘട്ട തിരഞ്ഞെടുപ്പിൽ കൊവിഡ് മുൻനിറുത്തി 80 വയസിന് മുകളിൽ പ്രായക്കാരും ഭിന്നശേഷിക്കാരുമായ 52,000 പേർ തപാൽ വോട്ടിന് അപേക്ഷിച്ചു.