
ന്യൂഡൽഹി: ജി.എസ്.ടി വരുമാന നഷ്‌ടം നികത്താൻ 20 സംസ്ഥാനങ്ങൾക്ക് 68,825 കോടി രൂപ നേരിട്ട് കടമെടുക്കാൻ കേന്ദ്ര ധനമന്ത്രാലയം അനുമതി നൽകി. ആഗസ്‌റ്റ് 27ന് നടന്ന ജി.എസ്.ടി കൗൺസിൽ തീരുമാന പ്രകാരം ആദ്യ ഒാപ്‌ഷൻ സ്വീകരിച്ച് കേന്ദ്രസർക്കാരുമായി കരാർ
ഒപ്പിട്ട സംസ്ഥാനങ്ങൾക്കാണ് ആഭ്യന്തര വളർച്ചാ നിരക്കിനെ അടിസ്ഥാനമാക്കി വായ്‌പയെടുക്കാൻ കഴിയുക. മഹാരാഷ്‌ട്രയ്‌ക്കാണ് കൂടുതൽ തുക ലഭിക്കുക (15,394 കോടി ). കേന്ദ്രസർക്കാർ വഴി വായ്‌പയെടുക്കണമെന്ന ആവശ്യം ഉന്നയിക്കുന്ന കേരളം അടക്കം പത്ത് സംസ്ഥാനങ്ങളുമായി തുടർന്നും സമവായ ചർച്ച നടത്തും. ഇക്കാര്യം ചർച്ച ചെയ്‌ത കഴിഞ്ഞ ദിവസത്തെ ജി.എസ്.ടി കൗൺസിൽ യോഗം തീരുമാനമാകാതെ പിരിഞ്ഞിരുന്നു.
1972 തസ്തികകൾക്ക് തുടർച്ചാനുമതി
തിരുവനന്തപുരം: ലാൻഡ് റവന്യൂ വകുപ്പിന്റെയും ലാൻഡ് ബോർഡിന്റെയും നിയന്ത്രണത്തിൽ ആരംഭിച്ചതും തുടർച്ചാനുമതിയിൽ പ്രവർത്തിക്കുന്നതുമായ 1972 തസ്തികകൾക്ക് ഒരുവർഷത്തേക്ക് കൂടി തുടർച്ചാനുമതി നൽകി. വയനാട് സ്പെഷ്യൽ ഡെപ്യൂട്ടി കളക്ടർ( എൽ.ആർ), സ്പെഷ്യൽ ലാൻഡ് ട്രൈബ്യൂണൽ ഓഫീസുകളിലെ 27 തസ്തികകൾ, വയനാട് സ്പെഷ്യൽ ഡെപ്യൂട്ടി കളക്ടർ (എൽ.എ)യിലെ 13 തസ്തികകൾ, പുനസംഘടനയുടെ ഭാഗമായി സൃഷ്ടിച്ച 1711 തസ്തികകൾ, 11 സ്പെഷ്യൽ തഹസിൽദാർ ( ആർ.ആർ) ഓഫീസിലെ 221താത്കാലിക തസ്തികകൾ എന്നിവയ്ക്കാണ് ഒരു വർഷത്തേക്ക് തുടർച്ചാനുമതി.