
മാന്യമായ സംസ്കാരമെങ്കിലും അനുവദിക്കണമായിരുന്നു
ന്യൂഡൽഹി: ഹാഥ്‌രസിൽ പീഡനത്തിനിരയായി കൊല്ലപ്പെട്ട ദളിത് പെൺകുട്ടിയുടെ മൃതദേഹം വീട്ടുകാരുടെ അനുമതിയില്ലാതെ അർദ്ധരാത്രി സംസ്‌കരിച്ചതിൽ യു.പി അധികൃതർക്കെതിരെ അതിരൂക്ഷ വിമർശനവുമായി അലഹബാദ് ഹൈക്കോടതി. ക്രമസമാധാനം ചൂണ്ടിക്കാട്ടി അസമയത്ത് മൃതദേഹം അടക്കിയ നടപടി പ്രഥമദൃഷ്ട്യാ തന്നെ പെൺകുട്ടിയുടെയും കുടുംബത്തിന്റെയും മനുഷ്യാവകാശങ്ങളുടെ ലംഘനമാണെന്ന് ലക്‌നൗ ബെഞ്ചിലെ ജസ്റ്റിസുമാരായ പങ്കജ് മിത്തൽ, രാജൻ റോയ് എന്നിവർ നിരീക്ഷിച്ചു.
മതാചാരങ്ങൾക്കനുസരിച്ച് മാന്യമായ സംസ്‌കാരമെങ്കിലും ഇരയ്ക്ക് ലഭിക്കണമായിരുന്നു. അന്തിമകർമ്മങ്ങൾ പ്രധാന ആചാരമാണ്. അത് ക്രമസമാധാന പ്രശ്‌നത്തിന്റെ മറവിൽ വിട്ടുവീഴ്ച ചെയ്യാനുള്ളതല്ല. അരമണിക്കൂറെങ്കിലും മൃതദേഹം പെൺകുട്ടിയുടെ കുടുംബത്തിന് വിട്ട് നൽകാതിരുന്നതിന് ന്യായീകരണമില്ല. വീട്ടിൽ അന്ത്യ ചടങ്ങുകൾ നടത്താൻ അനുവദിച്ച ശേഷം ആ രാത്രിയിലോ അടുത്ത ദിവസമോ സംസ്‌കാരിക്കാമായിരുന്നുവെന്നും കോടതി വ്യക്തമാക്കി. പെൺകുട്ടിയുടെയും കുടുംബത്തിന്റെയും മൗലികാവകാശങ്ങൾ ലംഘിക്കപ്പെട്ടോയെന്ന് പരിശോധിക്കാനും കോടതി തീരുമാനിച്ചു. തിങ്കളാഴ്ച കോടതി വിഷയം പരിഗണിച്ചെങ്കിലും ഇന്നലെ വൈകിയാണ് ഉത്തരവ് പുറത്തുവന്നത്.
തങ്ങളുടെ അനുമതിയില്ലാതെയാണ് മൃതദേഹം അസമയത്ത് സംസ്കരിച്ചതെന്ന് പെൺകുട്ടിയുടെ കുടുംബം മൊഴി നൽകിയിരുന്നു. ക്രമസമാധാന സാഹചര്യം പരിഗണിച്ചാണ് അസമയത്ത് സംസ്കാരം നടത്തിയതെന്ന് ജില്ലാ മജിസ്ട്രേറ്റ് പ്രവീൺകുമാർ ലക്സകറിന്റെ മറുപടിയാണ് കോടതി തള്ളിയത്.
ഭാവിയിൽ ഇത്തരം സാഹചര്യത്തിൽ മൃതദേഹം സംസ്കരിക്കുന്നത് സംബന്ധിച്ച് ജില്ലാ അധികാരികൾക്കുള്ള മാർഗരേഖ തയാറാക്കാൻ അഡിഷണൽ ചീഫ് സെക്രട്ടറിയോട് കോടതി നിർദ്ദേശിച്ചു.
ബീജത്തിന്റെ സാന്നിദ്ധ്യം കണ്ടെത്തിയില്ലെന്ന ഫോറൻസിക് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പീഡനം നടന്നില്ലെന്ന എ.ഡി.ജിപിയുടെ നിലപാടിനെയും കോടതി രൂക്ഷമായി വിമർശിച്ചു. പീഡനം നടന്നോ ഇല്ലയോ എന്ന് തെളിയിക്കാൻ ബീജത്തിന്റെ സാന്നിദ്ധ്യം അനിവാര്യമല്ലെന്ന നിയമം അറിയില്ലേയെന്നും കോടതി ചോദിച്ചു.
മറ്റ് നിർദ്ദേശങ്ങൾ
കുടുംബത്തിന്റെ സുരക്ഷ ഉറപ്പാക്കണം
സി.ബി.ഐ, എസ്.ഐ.ടി അന്വേഷണ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കണം
അന്വേഷണവുമായി നേരിട്ട് ബന്ധമില്ലാത്ത ഒരു ഓഫീസറും കേസിനെക്കുറിച്ച് പരസ്യ പ്രസ്താവന നടത്തരുത്.
സമൂഹത്തിന്റെ ഐക്യത്തെ ബാധിക്കുന്ന രീതിയിലോ, ഇരയുടെ കുടുംബത്തിന്റെയോ പ്രതികളുടെയും അവകാശങ്ങളെ ഹനിക്കുന്ന രീതിയിലോ മാദ്ധ്യമങ്ങളും രാഷ്ട്രീയ പാർട്ടികളും അഭിപ്രായം പ്രകടനം നടത്തരുത്.
സംസ്ഥാന സർക്കാരിന്റെ നഷ്ടപരിഹാരം എത്രയും വേഗം കൈമാറണം.