
ന്യൂഡൽഹി: ഉത്തർപ്രദേശിലും ഉത്തരാഖണ്ഡിലും ഒഴിവുവരുന്ന രാജ്യസഭാ സീറ്റുകളിലേക്ക് നവംബർ 9ന് തിരഞ്ഞെടുപ്പ് നടത്താൻ തിരഞ്ഞെടുപ്പ് കമ്മിഷൻ തീരുമാനിച്ചു. രാജ്യസഭയിൽ കാലാവധി പൂർത്തിയാക്കുന്ന കേന്ദ്രമന്ത്രിമാരായ ഹർദീപ് സിംഗ് പുരി, രവിശങ്കർ പ്രസാദ്, അരുൺസിംഗ്, നീരജ് ശേഖർ (ബി.ജെ.പി), രാജാറാം, വീർ സിംഗ്(ബി.എസ്.പി), പി.എൽ. പൂനിയ(കോൺഗ്രസ്), രാംഗോപാൽ യാദവ്, ചന്ദ്രപാൽ സിംഗ് യാദവ്, ജാവേദ് അലി ഖാൻ(സമാജ്‌വാദി പാർട്ടി) എന്നിവരുടെ സീറ്റുകളാണ് യു.പിയിൽ ഒഴിവുവരുന്നത്. ഉത്തരാഖണ്ഡിൽ കോൺഗ്രസ് നേതാവ് രാജ്ബബാറിന്റെ സീറ്റിലേക്കാണ് തിരഞ്ഞെടുപ്പ്. കേന്ദ്രമന്ത്രിമാർ അടക്കമുള്ള ബി.ജെ.പി നേതാക്കൾ വീണ്ടും മത്സരിച്ചേക്കും. സമാജ്‌വാദി പാർട്ടി രാംഗോപാൽ യാദവിനെ വീണ്ടും സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചിട്ടുണ്ട്.