farm-bill

ന്യൂഡൽഹി: കർഷക നിയമങ്ങളെ ചൊല്ലിയുള്ള പ്രതിഷേധങ്ങൾ തണുപ്പിക്കാൻ കേന്ദ്രസർക്കാർ വിളിച്ച യോഗത്തിൽ കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമർ പങ്കെടുക്കാത്തതിൽ പ്രതിഷേധിച്ച് കർഷക സംഘടനാ പ്രതിനിധികൾ ഇറങ്ങിപ്പോയി. യോഗം ബഹിഷ്‌കരിച്ച നേതാക്കൾ കൃഷിഭവന് മുന്നിൽ നിയമത്തിന്റെ പകർപ്പുകൾ കീറിയെറിഞ്ഞ് പ്രതിഷേധിച്ചു.

പ്രതിപക്ഷത്തിന്റെ പ്രതിഷേധം വകവയ്‌ക്കാതെ പാർലമെന്റിൽ പാസായ മൂന്ന് കർഷക ബില്ലുകൾ നിയമമായെങ്കിലും പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ച് കർഷകർ പ്രതിഷേധം തുടരുന്ന പശ്‌ചാത്തലത്തിലാണ് കേന്ദ്രസർക്കാർ ഇന്നലെ ചർച്ച വച്ചത്.

ചർച്ചയിൽ പങ്കെടുക്കില്ലെന്ന് ആദ്യം പറഞ്ഞെങ്കിലും ഭാരതീയ കിസാൻ യൂണിയൻ അടക്കം 29 സംഘടനകളുടെ പ്രതിനിധികൾ നിലപാട് മാറ്റി കൃഷി മന്ത്രാലയ ആസ്ഥാനത്തെത്തി. എന്നാൽ നരേന്ദ്രസിംഗ് തോമർ യോഗത്തിൽ പങ്കെടുത്തില്ല. പകരം കാർഷിക സെക്രട്ടറി സഞ്ജയ് അഗർവാളാണ് ചർച്ചയ്‌ക്ക് നേതൃത്വം നൽകിയത്.

മന്ത്രി വരാതെ ചർച്ചയില്ലെന്ന് നിലപാടെടുത്ത കർഷക പ്രതിനിധികൾ ഉച്ചത്തിൽ മുദ്രാവാക്യം വിളിക്കുകയും കയ്യിലുണ്ടായിരുന്ന ബില്ലിന്റെ പകർപ്പുകൾ കീറിയെറിയുകയും ചെയ്‌തു. ചർച്ച ബഹിഷ്‌കരിക്കുകയാണെന്ന് പ്രഖ്യാപിച്ച് അവർ കൃഷിമന്ത്രാലയത്തിന് പുറത്ത് റോഡിൽ പ്രതിഷേധിച്ചു.

വിവാദ നിയമം പിൻവലിച്ചില്ലെങ്കിൽ സമരവുമായി മുന്നോട്ടു പോകുമെന്നും ഇക്കാര്യം മന്ത്രിയെ ധരിപ്പിക്കുമെന്ന് സെക്രട്ടറി അറിയിച്ചിട്ടുണ്ടെന്നും നേതാക്കൾ പറഞ്ഞു.