
ന്യൂഡൽഹി: ഹാഥ്‌രസ് കേസിലെ മാദ്ധ്യമ റിപ്പോർട്ടിംഗ് മുന്നാക്കക്കാരെ മോശക്കാരാക്കി ചിത്രീകരിക്കുന്നതാണെന്നും അത് തടയാൻ നടപടി വേണമെന്നും ആവശ്യപ്പെട്ട് കേരളത്തിൽ നിന്നുള്ള മുന്നാക്ക സമുദായ സംരക്ഷണ സമിതി സുപ്രീംകോടതിയിൽ ഇടപെടൽ ഹർജി സമർപ്പിച്ചു. കുറ്റകൃത്യത്തെ ജാതി വിശേഷിപ്പിച്ചാണ് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നതെന്നും ഇത് ജാതികൾക്കിടയിൽ ശത്രുത വർദ്ധിപ്പിക്കുമെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. ഹാഥ്‌രസിൽ നടന്നത് എല്ലാവരെയും ഞെട്ടിക്കുന്ന കാര്യങ്ങളാണ്. കുറ്റക്കാരെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരികയും വേണം. ഇന്ത്യയിൽ പട്ടികജാതി, പട്ടിക വർഗ വിഭാഗക്കാർ സാമൂഹിക പ്രശ്‌നങ്ങൾ നേരിടുന്നുണ്ടെന്നും സാമ്പത്തികമായി അവർ പിന്നാക്കാവസ്ഥ നേരിടുന്നുണ്ടെന്നുമുള്ള കാര്യത്തിൽ സംശയമില്ല. എന്നാൽ ഹാഥ്‌രസ് സംഭവത്തിന്റെ പേരിൽ പൂർണമായും അഭ്യൂഹങ്ങളാണ് പ്രചരിപ്പിക്കുന്നത്.
ഒരു വിഭാഗം ചെയ്ത തെറ്റിന്റെ പേരിൽ ഒരു സമുദായത്തെ മുഴുവൻ മോശക്കാരെന്ന് ചിത്രീകരിക്കാൻ കഴിയില്ല. കുറ്റകൃത്യത്തിന് ജാതിയുടെ നിറം കൊടുക്കുന്നത് തടയാൻ ഒരു നടപടിയും ഉണ്ടാകാത്തത് മൂലം അത് ആവർത്തിക്കുകയാണ്. അതിനാൽ ഇത്തരം വാർത്തകൾ റിപ്പോർട്ട് ചെയ്യാൻ മാർഗരേഖ വേണ്ടതുണ്ടെന്നും ഹർജിയിൽ പറയുന്നു