75-rupee-indian-coin

ന്യൂഡൽഹി: ഇന്ത്യയും ഭക്ഷ്യ കാർഷിക സംഘടനയുമായുള്ള (എഫ്.എ.ഒ ) ദീർഘകാല ബന്ധത്തിന്റെ സ്മരണാർത്ഥം സംഘടനയുടെ 75-ാം വാർഷികദിനമായ നാളെ 75 രൂപയുടെ പ്രത്യേക നാണയം പ്രധാനമന്ത്രി നരേന്ദ്ര മോദി പുറത്തിറക്കും. സമീപകാലത്ത് വികസിപ്പിച്ച എട്ട് ജൈവ സമ്പുഷ്ടീകൃത വിളകളുടെ 17 ഇനങ്ങൾ അദ്ദേഹം രാഷ്ട്രത്തിന് സമർപ്പിക്കും.

1943 ഡിസംബർ 30ന് പോർട്ട് ബ്ലെയറിൽ നേതാജി സുഭാഷ് ചന്ദ്രബോസ് ത്രിവർണ പതാക ഉയർത്തിയതിന്റെ 75-ാം വാർഷികത്തോട് അനുബന്ധിച്ച് 2018ലും കേന്ദ്രസർക്കാർ 75 രൂപയുടെ ഒറ്റനാണയം പുറത്തിറക്കിയിരുന്നു.

75 ശതമാനം വെള്ളി, 40 ശതമാനം ചെമ്പ്, അഞ്ച് ശതമാനം നിക്കലും സിങ്കും കൊണ്ട് നിർമ്മിച്ച നാണയത്തിന് 35 ഗ്രാം തൂക്കമുണ്ടായിരുന്നു. സെല്ലുലാർ ജയിലിന്റെ പശ്ചാത്തലത്തിൽ സുഭാഷ് ചന്ദ്രബോസ് പതാകയെ അഭിവാദ്യം ചെയ്യുന്ന ചിത്രം ആലേഖനം ചെയ്തതായിരുന്നു നാണയം.