
ന്യൂഡൽഹി: ആനത്താരകൾ കടന്നു പോകുന്ന വഴിയിലെ അനധികൃത നിർമാണങ്ങൾ ഇടിച്ചു നിരത്താനും രാത്രികാല ഗതാഗതങ്ങൾ നിരോധിക്കാനുമുള്ള മദ്രാസ് ഹൈക്കോടതി വിധി സുപ്രീം കോടതി ശരിവച്ചു. നിരോധന ഉത്തരവ് പുറപ്പെടുവിച്ചുകൊണ്ടു വിഷയത്തിൽ അന്തിമ തീരുമാനം കൈക്കൊള്ളാൻ തമിഴ്‌നാട് സർക്കാരിന് പൂർണ അധികാരമുണ്ടെന്ന് പ്രഖ്യാപിച്ച വിധിയാണ് ഇന്നലെ ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ അദ്ധ്യക്ഷനായ ബെഞ്ച് ശരിവച്ചത്.
ബോളിവുഡ് നടൻ മിഥുൻ ചക്രവർത്തി ഉൾപ്പെടെ റിസോർട്ട് - സ്വകാര്യ ഭൂവുടമകൾ സമർപ്പിച്ച 32 അപ്പീലുകൾക്കാണ് സുപ്രീം കോടതി വിധി വന്നത്.
ജസ്റ്റിസ് എസ്. അബ്ദുൾ നസീർ വായിച്ച വിധിന്യായത്തിൽ വിരമിച്ച ഹൈക്കോടതി ജഡ്ജിയുടെയും മറ്റ് രണ്ട് പേരുടെയും നേതൃത്വത്തിൽ ഒരു കമ്മിറ്റി രൂപീകരിച്ച് ആനത്താര ഇടനാഴിയിലെ റിസോർട്ട് ഉടമകളുടെയും സ്വകാര്യ ഭൂവുടമകളുടെയും വ്യക്തിപരമായ എതിർപ്പുകൾ കേൾക്കാൻ അനുമതി നൽകി.
ജനുവരിയിൽ കേസിലെ അവസാന വാദം കേൾക്കുന്നതിനിടെ ''ഈ പ്രദേശം ദുർബലമായ ഒരു ആവാസവ്യവസ്ഥയായിരുന്നു, മനുഷ്യരുടെ ഇഷ്ടം ആനകൾക്ക് വഴിമാറണം'' എന്നായിരുന്നു ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ പ്രസ്താവിച്ചത്.
നീലഗിരി കുന്നുകളിലെ ആന ഇടനാഴിയിൽ നിർമിച്ച 11 ഹോട്ടലുകളും റിസോർട്ടുകളും നിയമലംഘനത്തിന് അടുത്ത 48 മണിക്കൂറിനുള്ളിൽ അടയ്ക്കാനോ ഇടിച്ചു നിരത്താനോ ആണ് 2018 ആഗസ്റ്റിൽ ഹൈക്കോടതി തമിഴ്‌നാട് സർക്കാരിനോട് നിർദ്ദേശിച്ചിരുന്നത്.
ഇതു കൂടാതെ ആനത്താര കടന്നു പോകുന്ന ഇടങ്ങളിൽക്കൂടിയുള്ള റോഡുകളിലെ ഗതാഗതം, മുഖ്യമായും രാത്രി ഗതാഗതം നിരോധിക്കാനും നിർദേശിച്ചിരുന്നു. കേരളത്തിൽ നിന്നു മസനഗുഡി - മൈസൂർ പാതയിലെ റൂട്ടുകളിലായിരുന്നു ഈ നിരോധന ഉത്തരവ്.