air-pollution

ന്യൂഡൽഹി: കൊവിഡ് പ്രതിസന്ധിക്കിടെ ദേശീയ തലസ്ഥാനത്ത് വായുമലിനീകരണവും രൂക്ഷമായി. ഡൽഹി ഗുഡ്ഗാവ്, നോയിഡ എന്നിവിടങ്ങളിൽ കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ കണക്ക് പ്രകാരം ഇന്നലെ വായു നിലവാരം വളരെ മോശം എന്ന വിഭാഗത്തിലെത്തി.

വായുനിലവാര സൂചിക ഡൽഹിയിൽ ഇന്നലെ രാവിലെ 318, ഗുഡ്ഗാവിൽ 302, നോയിഡയിൽ 315 എന്നിങ്ങനെയായിരുന്നു. മലിനീകരണ പശ്ചാത്തലത്തിൽ ഡൽഹിയിൽ ഡീസൽ എൻജിനുകൾക്ക് നിരോധനമേർപ്പെടുത്തിയിരുന്നു. വായുമലിനീകരണം കുറയ്ക്കാൻ ഡൽഹി സർക്കാർ ക്യാമ്പെയ്ൻ തുടങ്ങി. സിഗ്നൽ കാത്തുകിടക്കുമ്പോൾ വാഹനം ഓഫാക്കിയിടാനും നിർദ്ദേശിച്ചിട്ടുണ്ട്.

സൂചിക ഇങ്ങനെ
 0- 50 വരെ - നല്ലത്

 51 മുതൽ 100 - തൃപ്തികരം

101 മുതൽ 200 - മെച്ചപ്പെട്ടത്

 201 മുതൽ 300 - മോശം

 301 മുതൽ 400 - വളരെ മോശം

 401 മുതൽ 500- ഗുരുതരം

പോര് തുടങ്ങി

' പാടങ്ങളിൽ കാർഷിക അവശിഷ്ടങ്ങൾ കത്തിക്കുന്നത് ഡൽഹിയിലെ മലിനീകരണത്തിൽ 4 ശതമാനം മാത്രമേ കാരണമാകുന്നുള്ളൂ. ബാക്കി പ്രാദേശിക കാരണങ്ങളാണ്. പരിശോധനയ്ക്കായി മലിനീകരണ നിയന്ത്രണ ബോർഡിലെ 50 അംഗ ടീമിനെ നിയോഗിച്ചിട്ടുണ്ട്.

- കേന്ദ്രമന്ത്രി പ്രകാശ് ജാവ്ദേക്കർ

 വിള അവശിഷ്ടം കത്തിക്കുന്നത് നാലുശതമാനമേയുള്ളുവെങ്കിൽ കഴിഞ്ഞ നാലാഴ്ചയ്ക്കിടെ പെട്ടെന്ന് വായുനിലവാരം ഇത്ര മോശമായതെങ്ങനെയാണ്?. വിള അവശിഷ്ടം കത്തിക്കുന്നതിന് മുമ്പ് വായുഗുണനിലവാരം മികച്ചതായിരുന്നു. പെട്ടെന്ന് മോശമാകാനുള്ള എന്ത് പ്രാദേശിക ഘടകമാണ് കഴിഞ്ഞദിവസങ്ങളിലുണ്ടായത്.

-ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ

ശ്വാസകോശ പ്രശ്നങ്ങൾ രൂക്ഷം
ശൈത്യകാലത്തിലേക്ക് നീങ്ങുന്ന ഡൽഹിയിൽ വായുനിലവാരം മോശമായതോടെ ശ്വാസകോശ പ്രശ്‌നങ്ങളും രൂക്ഷമായി. 65 ശതമാനം കുടുംബങ്ങളിലും കുറഞ്ഞത് ഒരാൾക്കെങ്കിലും വായുമലിനീകരണവുമായി ബന്ധപ്പെട്ടുള്ള അസുഖമുണ്ടെന്നാണ് പഠനം. ജലദോഷം, കഫക്കെട്ട്, തൊണ്ടവേദന, ശ്വസന പ്രശ്‌നങ്ങൾ, കണ്ണെരിച്ചൽ തുടങ്ങിയവയാണ് പ്രധാനമായും റിപ്പോർട്ട് ചെയ്യപ്പെടുന്നത്.