
ന്യൂഡൽഹി: ഹാഥ്‌രസ് കേസ് സുപ്രീംകോടതി ജഡ്ജി ഉൾപ്പെട്ട ജുഡീഷ്യൽ ബെഞ്ചിന്റെ മേൽനോട്ടത്തിൽ സി.ബി.ഐ അല്ലെങ്കിൽ പ്രത്യേക സംഘം അന്വേഷിക്കണമെന്നുള്ള ഹർജി വിധി പറയാൻ മാറ്റി. കേസുമായി ബന്ധപ്പെട്ട് കോടതി ആവശ്യപ്പെട്ട എല്ലാ രേഖകളും സമർപ്പിച്ചതായി സോളിസിറ്റർ ജനറൽ തുഷാർ മേത്ത് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെ ഉൾപ്പെട്ട മൂന്നംഗ ബെഞ്ചിനെ ഇന്നലെ അറിയിച്ചു.
കേസിന്റെ വിചാരണ ഡൽഹിയിലേക്ക് മാറ്റണമെന്ന് പെൺകുട്ടിയുടെ കുടുംബത്തിന് വേണ്ടി ഹാജരായ അഭിഭാഷക സീമ ഖുഷ്‌വാഹ കോടതിയെ അറിയിച്ചു. പ്രതികളുടെ ഭാഗം കേൾക്കാൻ കോടതി തയാറാകണമെന്ന് പ്രതികൾക്കായി ഹാജരായ മുതിർന്ന അഭിഭാഷകൻ സിദ്ധാർഥ് ലുദ്ര ആവശ്യപ്പെട്ടെങ്കിലും അന്വേഷണം പുരോഗമിക്കവെ, എന്തിനാണ് പ്രതിയ്ക്ക് പറയാനുള്ളത് കോടതി കേൾക്കുന്നതെന്ന് മുതിർന്ന അഭിഭാഷക ഇന്ദിര ജയ്സിംഗ് മറുവാദമുയർത്തി. യു.പി.പൊലീസിന്റെ അന്വേഷണത്തിൽ വിശ്വാസ്യതയില്ലെന്നും കേസിന്റെ എഫ്.ഐ.ആറിന് നമ്പർ പോലുമില്ലെന്നും ജയ് സിംഗ് കോടതിയെ അറിയിച്ചു.
വിശദമായ വാദപ്രതിവാദങ്ങൾക്ക് ശേഷം കേസിൽ കോടതി വിധി പറയാൻ മാറ്റി.