
റിസർവ് ബാങ്കിന് സുപ്രീംകോടതി നോട്ടീസ്
ന്യൂഡൽഹി:പേയ്മെന്റ് ആപ്പുകൾ (യു.പി.ഐ.) ഇന്ത്യൻ പൗരന്മാരുടെ വിവരങ്ങൾ ചോർത്തുന്നത് തടയണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ റിസർവ് ബാങ്കിനും നാഷണൽ പേയ്മെന്റ് കോർപ്പറേഷൻ ഒഫ് ഇന്ത്യക്കും (എൻ.പി.സി.ഐ.) സുപ്രീം കോടതിയുടെ നോട്ടീസ്. സി.പി.ഐ. രാജ്യസഭ എം.പി. ബിനോയ് വിശ്വത്തിന്റെ പെറ്റീഷനിലാണിത്.
ഫേസ്ബുക്കിന്റേയും വാട്സ് ആപ്പിന്റേയും ആമസോണിന്റേയും പേയ്മെന്റ് ആപ്പുകൾ അല്ലെങ്കിൽ യുണൈറ്റഡ് പേയ്മെന്റ് ഇന്റർഫേസുകളായ (യു.പി.ഐ.) ഗൂഗിൾ പേയും ആമസോൺ പേയും വാട്സ് ആപ്പ് പേയും അടക്കമുള്ളവ വ്യക്തിഗത വിവരങ്ങൾ ഇന്ത്യയിലെ സർവറുകളിലല്ല എന്ന് ചൂണ്ടിക്കാട്ടിയാണ് ബിനോയ് വിശ്വം കോടതിയെ സമീപിച്ചത്.
ഇന്ത്യയിലെ സർവറുകളിൽ തന്നെ വിവരങ്ങൾ സൂക്ഷിക്കണമെന്ന നിർദ്ദേശവുമായി ആർ.ബി.ഐ. സർക്കുലർ പുറത്തിറക്കിയിട്ടും പേയ്മെന്റ് ആപ്പുകൾ ഇന്ത്യയ്ക്ക് പുറത്തുള്ള സർവറുകളിലാണ് വിവരങ്ങൾ സൂക്ഷിച്ചിരിക്കുന്നതെന്ന് ബിനോയ് വിശ്വം പറയുന്നു.
മുതിർന്ന അഭിഭാഷകനായ ശ്യാം ദിവാനാണ് ബിനോയ് വിശ്വത്തിന് വേണ്ടി ഹാജരായത്. ഇന്ത്യയിൽ സാമ്പത്തിക ഇടപാടുകൾ നടത്തുന്ന എല്ലാ കമ്പനികളും രാജ്യത്തെ സെർവറുകളിൽ തന്നെ ഡാറ്റ സൂക്ഷിക്കണമെന്നാണ് റിസർവ് ബാങ്ക് പറയുന്നത്. 2018 ഏപ്രിലിൽ ആർ.ബി.ഐ. സർക്കുലർ പുറത്തിറക്കിയിട്ടും ഇത് നടപ്പാക്കാൻ കഴിഞ്ഞിട്ടില്ലെന്ന് ഹർജിയിൽ ബിനോയ് വിശ്വം ചൂണ്ടിക്കാട്ടി. ഇത്തരം ലംഘനങ്ങൾ നടത്തിയ കമ്പനികളെ എന്തുകൊണ്ട് ഇന്ത്യയിൽ പ്രവർത്തിക്കാൻ അനുവദിക്കുന്നു എന്ന് ആർ.ബി.ഐയും എൻ.പി.സി.ഐയും വിശദീകരിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.