india-and-china

ന്യൂഡൽഹി: ഇന്ത്യയുടെ ആഭ്യന്തര വിഷയങ്ങളിൽ അഭിപ്രായം പറയുന്നതിനുള്ള അവകാശം ചൈനയ്ക്കില്ലെന്ന് വ്യക്തമാക്കി ഇന്ത്യ.

ലഡാക്കിനെയും അരുണാചൽ പ്രദേശിനെയും അംഗീകരിച്ചിട്ടില്ലെന്ന ചൈനയുടെ പ്രസ്താവനയ്ക്കെതിരെയാണ് ഇന്ത്യൻ വിദേശകാര്യമന്ത്രാലയം നിലപാട് കടുപ്പിച്ചത്.

കേന്ദ്രഭരണ പ്രദേശമായ ജമ്മുകാശ്‌മീരും ലഡാക്കും എക്കാലവും ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും അത് എന്നും അങ്ങനെ തന്നെ തുടരുമെന്നും വിദേശകാര്യമന്ത്രാലയ വക്താവ് അനുരാഗ് ശ്രീവാസ്തവ വ്യക്തമാക്കി.

അരുണാചൽ പ്രദേശിനെ സംബന്ധിച്ച ഇന്ത്യയുടെ നിലപാട് പലതവണ വ്യക്തമാക്കിയിട്ടുള്ളതാണെന്ന് ശ്രീവാസ്തവ ചൂണ്ടിക്കാട്ടി.

'കാശ്‌മീരിനെയും ലഡാക്കിനെയും പോലെ അരുണാചൽ പ്രദേശും ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ്. ഇക്കാര്യം ചൈനയെ പലതവണ അറിയിച്ചതാണ്. ഉത്തതതല ചർച്ചകളിൽ പോലും ഇന്ത്യ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ടെന്നും" ശ്രീവാസ്തവ ചൂണ്ടിക്കാട്ടി.

ഇന്ത്യയുടെ ആഭ്യന്തരവിഷയങ്ങളിൽ അഭിപ്രായം പറയാൻ ചൈനയ്ക്ക് യാതൊരു അവകാശവുമില്ല. തങ്ങളുടെ ആഭ്യന്തര വിഷയത്തിൽ മറ്റു രാജ്യങ്ങൾ അഭിപ്രായം പറയാൻ ആഗ്രഹിക്കാത്തതുപോലെ ഇന്ത്യയുടെ ആഭ്യന്തര വിഷയങ്ങളിൽ മറ്റു രാജ്യങ്ങളും ഇടപെടില്ലെന്ന് പ്രതീക്ഷിക്കുന്നതായും ഇന്ത്യ വ്യക്തമാക്കി.

അതിർത്തി മേഖലകളിൽ 44 പുതിയ പാലങ്ങൾ തിങ്കളാഴ്ച കേന്ദ്രപ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് ഉദ്ഘാടനം ചെയ്തതിന് പിന്നലെയാണ് ലഡാക്കിനെയും അരുണാചലിനെയും അംഗീകരിച്ചിട്ടില്ലെന്ന് ചൈന പ്രസ്താവനയിറക്കിയത്.

ലഡാക്കിനെ കേന്ദ്രഭരണ പ്രദേശമാക്കിയത് നിയമവിരുദ്ധമായാണെന്നും അത് അംഗീകരിക്കില്ലെന്നും ചൈന പറഞ്ഞിരുന്നു.

അതിർത്തി പ്രദേശങ്ങളിലേക്ക് സൈന്യത്തെയും ആയുധങ്ങളെയും അതിവേഗം എത്തിക്കാൻ പുതിയ പാലങ്ങൾ സഹായിക്കുമെന്നാണ് കേന്ദ്രം വ്യക്തമാക്കുന്നത്. എന്നാൽ, അതിർത്തിയിൽ ഇന്ത്യ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതാണ് സംഘർഷത്തിന്റെ മൂലകാരണമെന്ന് ചൈനീസ് വിദേശകാര്യ വക്താവ് ആരോപിച്ചിരുന്നു.

അതിർത്തിയിൽ സൈനിക മത്സരത്തിന് വഴിയൊരുക്കുന്ന തരത്തിലുള്ള അടിസ്ഥാന സൗകര്യ വികസനത്തെ എതിർക്കുമെന്നും ചൈന പറഞ്ഞിരുന്നു.

യുദ്ധത്തിന് തയ്യാറെടുക്കൂ: ചൈനീസ് പ്രസിഡന്റ്

ഹോങ്കോംഗ്: യുദ്ധത്തിന് പൂർണമായി സജ്ജരാകാൻ സൈന്യത്തോട് നിർദ്ദേശിച്ച് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്. ഇന്ത്യ- ചൈന അതിർത്തി തർക്കം തുടരുന്നതിനിടെ, ഏറ്റവും മോശമായ സാഹചര്യം മുന്നിൽ കണ്ടാണിതെന്നാണ് റിപ്പോർട്ട്. രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കാൻ ദൃഢനിശ്ചയത്തോടെ ഒരുങ്ങാനും പ്രസിഡന്റ് പറഞ്ഞു.

പീപ്പിൾസ് ലിബറേഷൻ ആർമി (പി‌.എൽ‌.എ), പീപ്പിൾസ് ആംഡ് പൊലീസ് ഫോഴ്‌സ് എന്നിവയുടെ പ്രതിനിധി സംഘത്തിന്റെ പ്ലീനറി യോഗത്തിൽ പങ്കെടുക്കവേയാണ് പ്രസിഡന്റ് ഇങ്ങനെ ആഹ്വാനം ചെയ്തത്.

ഏറ്റവും മോശം സാഹചര്യങ്ങളെക്കുറിച്ചും പരിശീലനത്തെയും യുദ്ധ തയ്യാറെടുപ്പുകളെയും കുറിച്ച് ചിന്തിക്കാനും എല്ലാത്തരം സങ്കീർണമായ സാഹചര്യങ്ങളെയും ഉടനടി ഫലപ്രദമായി കൈകാര്യം ചെയ്യാനും ദേശീയ പരമാധികാരം, സുരക്ഷ, വികസന താത്പര്യങ്ങൾ എന്നിവ കർശനമായി സംരക്ഷിക്കാനും ഷി സൈന്യത്തോട് ആവശ്യപ്പെട്ടതായി ചൈനയുടെ ഔദ്യോഗിക വാർത്താ ഏജൻസിയായ സിൻഹുവ റിപ്പോർട്ട് ചെയ്തു.

ചാവോ സിറ്റിയിലെ പീപ്പിൾസ് ലിബറേഷൻ ആർമി മറൈൻ കോർപ്സിന്റെ പരിശോധനയ്ക്കിടെ, അതീവ ജാഗ്രത പാലിക്കാൻ പ്രസിഡന്റ് സൈനികരോട് ആവശ്യപ്പെട്ടതായും റിപ്പോർട്ടുണ്ട്. രാജ്യത്തോട് വിശ്വസ്തരും കൂറുള്ളവരുമായിരിക്കാനും അദ്ദേഹം പറഞ്ഞു.