
ന്യൂഡൽഹി:എസ്.എൻ.സി ലാവ്‌ലിൻ കേസ് വീണ്ടും പരിഗണിക്കേണ്ടതിന്റെ ആവശ്യകത വ്യക്തമാക്കുന്ന സമഗ്രമായ കുറിപ്പ് സുപ്രീം കോടതിക്ക് കൈമാറിയ സി. ബി. ഐ, ബന്ധപ്പെട്ട രേഖകൾ സമർപ്പിക്കാൻ രണ്ട് ആഴ്ച കൂടി അനുവദിക്കണമെന്നും അപേക്ഷിച്ചു.
ഹർജികൾ ഇന്ന് പരിഗണിക്കാനിരിക്കെയാണ് സി.ബി.ഐ അഭിഭാഷകൻ അരവിന്ദ്കുമാർ ശർമ്മ കഴിഞ്ഞ ദിവസം സുപ്രീംകോടതിയോട് കേസ് രണ്ടാഴ്ച നീട്ടാൻ അഭ്യർത്ഥിച്ചത്.
ഒക്ടോബർ എട്ടിന് വാദം കേട്ടപ്പോൾ, രണ്ട് കോടതികൾ വെറുതേവിട്ട കേസായതിനാൽ ഇനി സുപ്രീംകോടതി ഇടപെടണമെങ്കിൽ ശക്തമായ തെളിവുകൾ ഹാജരാക്കണമെന്ന് സി.ബി.ഐയോട് ജസ്റ്റിസ് യു.യു. ലളിത് അദ്ധ്യക്ഷനായ ബെഞ്ച് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കുറിപ്പ് ഹാജരാക്കിയത്. സി ബി ഐ യുടെ ആവശ്യം അംഗീകരിച്ചാൽ ദീപാവലി അവധിക്ക് ശേഷമേ ലാവ്‌ലിൻ ഹർജികളിൽ വാദം കേൾക്കൂ. കുറിപ്പിന്റെ പകർപ്പ് എതിർകക്ഷികൾക്ക് നൽകിയിട്ടില്ല.
പള്ളിവാസൽ, ചെങ്കുളം, പന്നിയാർ ജലവൈദ്യുത പദ്ധതികളുടെ നവീകരണം എസ്. എൻ. സി .ലാവലിൻ കമ്പനിക്ക് ടെൻഡർ വിളിക്കാതെ 243.74 കോടി രൂപക്ക് കൈമാറിയതിൽ അഴിമതി ഉണ്ടെന്നാണ് കേസ്.
കേസിൽ പിണറായി വിജയൻ, കെ.മോഹനചന്ദ്രൻ, എ.ഫ്രാൻസിസ് എന്നിവരെ 2017ൽ കേരള ഹൈക്കോടതി കുറ്റവിമുക്തരാക്കിയിരുന്നു. ഇതിനെതിരെയാണ് സി.ബി.ഐ സുപ്രീംകോടതിയിൽ അപ്പീൽ നൽകിയത്. മറ്റ് പ്രതികളായ കസ്തൂരി രങ്ക അയ്യർ, ആർ.ശിവദാസൻ, കെ.ജി.രാജശേഖരൻ എന്നിവരുടെ അപ്പീലും സുപ്രീംകോടതിയിലുണ്ട്
ലൈഫ് മിഷൻകേസ്:സ്റ്റേ നീക്കൽ
നേരത്തേയാക്കാൻ സി.ബി.ഐ
കൊച്ചി: ലൈഫ് മിഷൻ കേസിലെ അന്വേഷണത്തിന് രണ്ടു മാസത്തേക്ക് നൽകിയ സ്റ്റേ നീക്കം ചെയ്യാൻ നൽകിയ ഹർജി കഴിവതും വേഗം പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് സി.ബി.ഐ ഹൈക്കോടതിയിൽ ഹർജി നൽകി.
അന്വേഷണം പൂർണമായി തടസപ്പെട്ടെന്നും സർക്കാരിൽനിന്നോ ലൈഫ് മിഷനിൽനിന്നോ ഫയലുകൾ ശേഖരിക്കാനാവുന്നില്ലെന്നും ഉദ്യോഗസ്ഥരെയും ജീവനക്കാരെയും വസ്തുതകളറിയാവുന്ന മറ്റുള്ളവരെയും വിളിച്ചുവരുത്താനാവുന്നില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഹർജി നേരത്തെ പരിഗണിക്കാൻ സി.ബി.ഐ ഹർജി നൽകിയത്.
വടക്കാഞ്ചേരിയിലെ ലൈഫ് മിഷൻ പദ്ധതിയിൽ വിദേശസഹായ നിയന്ത്രണ നിയമത്തിലെ വ്യവസ്ഥകൾ ലംഘിച്ചെന്നാരോപിച്ച് അനിൽ അക്കര എം.എൽ.എ നൽകിയ പരാതിയിലാണ് സി.ബി.ഐ കേസെടുത്തത്. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ലൈഫ് മിഷൻ സി.ഇ.ഒ യു.വി ജോസ് നൽകിയ ഹർജിയിൽ ഒക്ടോബർ 13നാണ് സിംഗിൾബെഞ്ച് സ്റ്റേ അനുവദിച്ചത്. യൂണിടാക് എം.ഡി സന്തോഷ് ഇൗപ്പൻ, സാൻവെഞ്ച്വേഴ്സ് തുടങ്ങിയവർക്കെതിരെ അന്വേഷണം തുടരാമെന്നും ഇടക്കാല ഉത്തരവിൽ വ്യക്തമാക്കിയിരുന്നു.