hathras

ന്യൂഡൽഹി: ഹാഥ്‌രസ് പെൺകുട്ടിയെ ആദ്യം പ്രവേശിപ്പിച്ച ജില്ലാ ആശുപത്രിയിലെ സി.സി.ടി.വി ദൃശ്യങ്ങൾ നഷ്ടമായെന്ന് അധികൃതർ.

സെപ്തംബർ 14ന് പെൺകുട്ടിയെ പ്രവേശിപ്പിച്ചത് മുതലുള്ള ദൃശ്യങ്ങൾ സൂക്ഷിച്ച് വച്ചിട്ടില്ലെന്നാണ് ആശുപത്രിയിൽ നിന്നുള്ള വിവരം. സി.ബി.ഐ സി.സി.ടി.വി ദൃശ്യങ്ങളാവശ്യപ്പെട്ട് ആശുപത്രിയെ സമീപിച്ചിരുന്നു.

'സംഭവം നടന്ന സമയത്തൊന്നും ജില്ലാ ഭരണകൂടമോ പൊലീസോ ഫൂട്ടേജ് ആവശ്യപ്പെട്ടിരുന്നില്ല. ഒരു മാസം കഴിഞ്ഞ് അത് നൽകാൻ ആവശ്യപ്പെട്ടാൽ ഞങ്ങൾക്ക് നൽകാനാവില്ല. ആരെങ്കിലും നേരത്തെ ആവശ്യപ്പെട്ടിരുന്നെങ്കിൽ സൂക്ഷിച്ച് വച്ചേനെ. സാധാരണ ഗതിയിൽ ഏഴു ദിവസം വരെ മാത്രമാണ് സി.സി.ടി.വി ദൃശ്യങ്ങൾ സൂക്ഷിക്കുന്നത്.' -ചീഫ് മെഡിക്കൽ സൂപ്രണ്ട് ഇന്ദ്രവീർ സിംഗ് പറഞ്ഞു.

തെളിവുകൾ ശേഖരിക്കാനും ഡോക്ടർമാരുടെ മൊഴിയെടുക്കാനുമാണ് സി.ബി.ഐ സംഘം ആശുപത്രി സന്ദർശിച്ചത്. ആദ്യദിവസത്തെ സി.സി.ടി.വി ദൃശ്യങ്ങൾ പ്രധാനമായിരുന്നെന്ന് പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

നേരത്തെ ഹാഥ്‌രസ് കേസിലെ എഫ്.ഐ.ആർ വെബ്‌സൈറ്റിൽ അപ്‌ലോഡ് ചെയ്തതിന് തൊട്ടുപിന്നാലെ സൈറ്റിൽ നിന്നും നീക്കം ചെയ്ത സി.ബി.ഐയുടെ നടപടിക്കെതിരെ വിമർശനം ഉയർന്നിരുന്നു. കേസ് ഏറ്റെടുത്തതിനെക്കുറിച്ചുള്ള പത്രക്കുറിപ്പും നീക്കം ചെയ്തിരുന്നു. പിന്നീട് പ്രതികൾക്കെതിരെ കേസ് ഏറ്റെടുത്തെന്നും അന്വേഷണം ആരംഭിച്ചെന്നും കാണിച്ച് പുതിയ വാർത്താക്കുറിപ്പ് വെബ്‌സൈറ്റിലിടുകയായിരുന്നു.