covid

ന്യൂഡൽഹി : കൊവിഡ് വ്യാപനം രൂക്ഷമായ കേരളം അടക്കം അഞ്ചു സംസ്ഥാനങ്ങളിലേക്ക് കേന്ദ്ര ആരോഗ്യമന്ത്രാലയം ഉന്നതതല സംഘങ്ങളെ അയക്കും.

കർണാടകം, രാജസ്ഥാൻ, ഛത്തീസ്ഗഢ്, പശ്ചിമ ബംഗാൾ എന്നിവയാണ് മറ്റു സംസ്ഥാനങ്ങൾ. സംഘത്തിൽ സംസ്ഥാനത്തിന്റെ നോഡൽ ഓഫീസറായ ജോയിന്റ് സെക്രട്ടറി, പൊതുജനാരോഗ്യ വിദഗ്ദ്ധൻ, ആരോഗ്യവിദഗ്‌ദ്ധൻ എന്നിവരുണ്ടാകും.

കേരളത്തിലെ സംഘത്തിൽ തിരുവനന്തപുരം മേഖലാ കേന്ദ്രത്തിലെ ഡെപ്യൂട്ടി ഡയറക്ടർ ഡോ.രുചി ജയിൻ, ‌ഡൽഹി സഫ്ദർജംഗ് ആശുപത്രിയിലെ ശ്വാസകോശരോഗ വിഭാഗം പ്രൊഫസർ ഡോ. നീരജ് കുമാർ ഗുപ്ത എന്നിവരുണ്ടാകും. സമയബന്ധിതമായ രോഗനിർണയവും ചികിത്സയും പ്രതിരോധ നടപടികളും സംബന്ധിച്ച സഹായവും മാർഗനിർദേശവും കേന്ദ്രസംഘം നൽകും. കൊവിഡ് രൂക്ഷമായ ജില്ലകൾ സന്ദർശിക്കും. അതിന് മുൻപ് സംസ്ഥാന ആരോഗ്യ പ്രിൻസിപ്പൽ സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തും. വ്യാഴാഴ്ച വരെയുള്ള കണക്കനുസരിച്ച് രാജ്യത്തെ ആകെ രോഗികളുടെ 4.3 ശതമാനം കേരളത്തിലാണ്.