sc-of-india

ന്യൂഡൽഹി: അയൽസംസ്ഥാനങ്ങളായ പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ് എന്നീ അയൽസംസ്ഥാനങ്ങളിൽ കാർഷികാവശിഷ്ടം കത്തിക്കുന്നതിലൂടെ ഡൽഹിയിലുണ്ടാകുന്ന അന്തരീക്ഷ മലിനീകരണം തടയാൻ

നടപടിയുമായി സുപ്രീംകോടതി. ആരെയും പഴിചാരാനില്ലെന്നും ഡൽഹിയിലെ ജനങ്ങൾക്ക് ശുദ്ധവായു ശ്വസിക്കണമെന്നും ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ വാക്കാൽ പറഞ്ഞു.

പ്രശ്‌ന പരിഹാരത്തിനായി സുപ്രീംകോടതി റിട്ട. ജഡ്ജ് ജസ്റ്റിസ് മദൻ ബി. ലോക്കൂറിനെ ഏകാംഗ സമിതി അദ്ധ്യക്ഷനായി നിയമിച്ചു. വിദ്യാർത്ഥികളുടെ ഹ‌ർജിയിലാണിത്.

കാർഷിക അവശിഷ്ടങ്ങൾ കത്തിക്കുന്നത് നിറുത്തലാക്കാൻ നടപടിയെടുക്കുകയാണ് സമിതിയുടെ പ്രധാനദൗത്യം. എൻ.സി.സി, എൻ.എസ്.എസ്, സ്‌കൗട്ട്‌സ് ആൻഡ് ഗൈഡ്‌സ് എന്നീ വിദ്യാർത്ഥി സേനകളുടെ സേവനം പ്രയോജനപ്പെടുത്താം. ദൗത്യസംഘങ്ങൾ ദേശീയപാതകളിൽ അടക്കം പെട്രോളിംഗ് നടത്തണം. നിലവിൽ കാർഷികാവശിഷ്ടം കത്തിക്കുന്നത് തടയാൻ സംസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്ന ദൗത്യസേനകൾ ലോക്കൂർ കമ്മിറ്റിയിൽ നിന്ന് നിർദ്ദേശം തേടാം.

എന്നാൽ കമ്മിറ്റിയെ നിയമിക്കുന്നതിനെ കേന്ദ്രസർക്കാർ എതിർത്തു. പരിസ്ഥിതി മലീനകരണ നിയന്ത്രണ ബോർഡിനാണ് ഉത്തരവാദിത്തമെന്നും അമിക്കസ് ക്യൂറിയെ നിയമിച്ചിട്ടുണ്ടെന്നും സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയിൽ അറിയിച്ചു. കേന്ദ്ര സർക്കാറിന്റെ ഈ വാദം സുപ്രീം കോടതി തള്ളി. 26ന് കേസ് വീണ്ടും പരിഗണിക്കും.

ഉത്തരേന്ത്യയിൽ സെപ്തംബർ മുതൽ ജനുവരി വരെയുള്ള മാസങ്ങളിൽ കൃഷി കഴിഞ്ഞ് ബാക്കിയാകുന്ന വൈക്കോൽ അടക്കമുള്ളവ കത്തിക്കുന്നത് പതിവാണ്. ഇത് വൻതോതിലുള്ള വായുമലിനീകരണമാണ് ഡൽഹിയിലുണ്ടാക്കുന്നത്.