v-muraleedharan-

ന്യൂഡൽഹി: സ്വർണക്കടത്ത് കേസ് ദേശീയ തലത്തിൽ സജീവമാക്കാനുള്ള ബി.ജെ.പി. പദ്ധതിയുടെ ഭാഗമായി ഇന്നലെ ഡൽഹിയിൽ വാർത്താസമ്മേളനം വിളിച്ച കേന്ദ്രമന്ത്രി വി.മുരളീധരൻ കേസിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടു.
സ്വപ്ന സുരേഷിന്റെ മൊഴികൾ ഗൗരവമുള്ളതാണെന്ന് ദേശീയ വക്താവ് സമ്പിത് പാത്രയും വ്യക്തമാക്കി.

കേരള സർക്കാർ ആവശ്യപ്പെട്ടതനുസരിച്ചാണ് കേന്ദ്ര ഏജൻസികൾ അന്വേഷണം ആരംഭിച്ചതെന്നും ഇപ്പോൾ ഏജൻസികൾക്കെതിരെ സർക്കാർ കോടതിയെ സമീപിക്കുകയാണെന്നും വി.മുരളീധരൻ പറഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫീസുമായി നേരിട്ട് ബന്ധമുള്ള കേസാണിത്. പ്രതികൾക്ക് സർക്കാരിലെ ഉന്നതരുമായി ബന്ധമുണ്ടെന്ന് എൻഫോഴ്സ്‌മെന്റിന്റെ കുറ്റപത്രത്തിലുണ്ട്.
ഇത് പ്രിൻസിപ്പൽ സെക്രട്ടറിയിൽ ഒതുങ്ങില്ല. അതിനും മുകളിലേക്ക് പോകും. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിക്ക് മറ്റു വകുപ്പുകൾ നൽകാറില്ല.എന്നാൽ ശിവശങ്കറിന് ഐ. ടി സെക്രട്ടറി സ്ഥാനവും നൽകി. ഐ.ടി മേഖലയിൽ ചില ബന്ധുക്കൾ മുഖ്യമന്ത്രിക്കുണ്ട്.

ഏത് ഏജൻസിയും അന്വേഷിക്കട്ടെ എന്നായിരുന്നു മുഖ്യമന്ത്രിയുടെ നിലപാട്. എന്നാൽ ലൈഫ് ക്രമക്കേടിൽ സി.ബി.ഐ അന്വേഷണം തടയാനും എഫ്.ഐ.ആർ റദ്ദാക്കാനും കോടതിയിൽ പോയി. ഒന്നും ഒളിക്കാനില്ലെങ്കിൽ സി.ബി.ഐക്കെതിരെ എന്തിന് കോടതിയിൽ പോയി ?​

എഫ്.ഐ.ആറിൽ ലെഫ് മിഷന്റെയോ ഒരു ഉദ്യോഗസ്ഥന്റെയോ പേരില്ല. യൂണിടാക് ഉടമകളുടെയും അവരുടെ ഉദ്യോഗസ്ഥരുടെയും പേരുകളാണുള്ളത്. ആ എഫ്.ഐ.ആർ റദ്ദാക്കാൻ കോടതിയിൽ പോയത് യൂണിടാക്കിന്റെ അഴിമതി മൂടിവയ്ക്കാനാണ്. പ്രിൻസിപ്പൽ സെക്രട്ടറിയുടെ നിർദ്ദേശപ്രകാരമാണ് സ്വപ്‌ന സുരേഷും മറ്റുള്ളവരുമായി കമ്മിഷൻ കൈമാറിയത് എന്നാണ് മൊഴി. ഇവരുമായുള്ള സർക്കാരിന്റെ ബന്ധം വ്യക്തമാകുമെന്നതിനാലാണ് അന്വേഷണം തടയാൻ ശ്രമിച്ചത്. ഒരന്വേഷണത്തെയും ഭയക്കാത്ത സർക്കാർ എന്തിന് സി.ബി.ഐ അന്വേഷണത്തെ ഭയക്കണം.
സെക്രട്ടറിയേറ്റിലെ തീപിടിത്തം ഷോർട്ട് സർക്യൂട്ടാണെന്നാണ് സർക്കാർ നിലപാട്. ഷോർട്ട് സർക്യൂട്ട് അല്ലെന്ന ഫോറൻസിക് റിപ്പോർട്ട് പുറത്തുവന്നിട്ടുണ്ട്. തെളിവുകൾ നശിപ്പിക്കാൻ തീയിട്ടതാണ്.

സ്വപ്‌ന സുരേഷിന്റെ പേരുപോലും പറയാതിരുന്ന മുഖ്യമന്ത്രി ഇപ്പോൾ കോൺസുലേറ്റ് ജനറലിന്റെ കൂടെ സ്വപ്‌ന ഓഫീസിലും വീട്ടിലും നിരവധി തവണ വന്നിട്ടുണ്ടെന്ന് പറയുന്നു. ആദ്യം ഇത് സമ്മതിക്കാൻ മുഖ്യമന്ത്രിക്കെന്തായിരുന്നു വൈമുഖ്യം?​ ഇതെല്ലാം കാണിക്കുന്നത് മുഖ്യമന്ത്രിക്കും, അദ്ദേഹത്തിന്റെ ഓഫീസിനും സ്വർണക്കടത്തുകാരുമായുള്ള ബന്ധവും അവർക്ക് നൽകുന്ന സംരക്ഷണവുമാണ്. മുഖ്യമന്ത്രിക്ക് ആ സ്ഥാനത്ത് തുടരാൻ അവകാശമില്ലെന്ന ബി.ജെ.പി വാദത്തിന് ശക്തിപകരുന്നതാണിതെന്നും മുരളീധരൻ പറഞ്ഞു.