covid-unlock

ന്യൂഡൽഹി: കൊവിഡ് രൂക്ഷമായ മഹാരാഷ്ട്രയിലടക്കം കൂടുതൽ ലോക്ക്ഡൗൺ ഇളവുകൾ വന്നതോടെ രാജ്യത്തെ ജനജീവിതം സജീവമാകുന്നു. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് വിവിധ സംസ്ഥാനങ്ങളിൽ സിനിമാ തിയേറ്ററുകൾ, ബാറുകൾ, റസ്റ്റോറൻഡുകൾ, ജിം തുടങ്ങിയവയും പ്രവർത്തിച്ചു തുടങ്ങി. മെട്രോ റെയിലുകൾ എല്ലാ നഗരങ്ങളിലും ഓടിത്തുടങ്ങി. ഒക്ടോബർ അവസാനത്തോടെ പ്രഖ്യാപിക്കുന്ന അടച്ചിടൽ ഇളവുകളിൽ പൂർണ തോതിലുള്ള ട്രെയിൻ ഗതാഗതവും അന്താരാഷ്ട്ര വിമാനസർവീസുകളും പ്രഖ്യാപിക്കുമെന്നാണ് റിപ്പോർട്ടുകൾ.

മുംബയിൽ യാത്രാ ഇളവുകളുടെ ഭാഗമായി സ്ത്രീകൾക്ക് ലോക്കൽ ട്രെയിനുകളിൽ യാത്ര അനുവദിച്ച് മഹാരാഷ്ട്ര സർക്കാർ ഉത്തരവിറക്കി. മുംബയ് സബർബൻ ട്രെയിനുകളിൽ രാവിലെ 11 മുതൽ 3 വരെയും 7 മുതൽ സർവീസ് അവസാനിക്കുന്നവരെയുമാണ് യാത്രാ ഇളവ്. നേരത്തെ ഓഫീസിൽ പോകുന്നവർക്ക് മാത്രമാണ് ലോക്കൽ ട്രെയിനുകളിൽ കയറാൻ അനുമതിയുണ്ടായിരുന്നത്.

ലോക്ക്ഡൗണിൽ മഹാരാഷ്ട്രയിൽ പൂർണമായും നിറുത്തിവച്ച ലോക്കൽ ട്രെയിൻ സർവീസുകൾ പുനഃസ്ഥാപിച്ചു. എ.സി ലോക്കൽ ട്രെയിനുകളും മെട്രോ ട്രെയിനുകളും തുടങ്ങി.

ഡൽഹിയിൽ നിലവിൽ തിയേറ്ററുകളും ബാറുകളുമടക്കം തുറന്നിട്ടുണ്ട്. തിയേറ്റർ തുറന്ന ആദ്യ ദിനം തണുത്ത പ്രതികരണമായിരുന്നു.

ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ആഭ്യന്തരസർവീസുകൾ കൂടുതൽ സജീവമായി. സെപ്തംബർ 23 വരെ 60 റൂട്ടുകളിലേക്കുള്ള ആഭ്യന്തര സർവീസുകൾ പുനരാരംഭിച്ചു. ഡൽഹിയിൽ നിന്നുള്ള അന്തർ സംസ്ഥാന ബസ് സർവീസുകളും സജീവമായി. ആഴ്ചചന്തകളും സജീവമായി.

പഞ്ചാബിലും യു.പിയിലും സിക്കിമിലും സ്കൂളുകൾ ഘട്ടംഘട്ടമായി തുറക്കാൻ തീരുമാനിച്ചിട്ടുണ്ട്.

 ആശങ്കയും ശക്തം

ശൈത്യകാലത്തിലേക്ക് നീങ്ങുന്ന ഉത്തരേന്ത്യയിൽ വായുമലിനീകരണം രൂക്ഷമായത് കൊവിഡ് വ്യാപന ആശങ്കകൾ ശക്തമാക്കിയിട്ടുണ്ട്. കൂടാതെ ദസ്റ, ദീപാവലി തുടങ്ങിയ ഉത്സവ സീസണുകളും അടുക്കുകയാണ്. ആളുകൾ കൂടുതലായി പുറത്തിറങ്ങുന്നത് പ്രതിസന്ധിയാണ്. ഡൽഹിയിൽ പ്രതിദിനം 15,000 പുതിയ രോഗികളുണ്ടായേക്കാമെന്ന് വിദഗ്ദ്ധ സമിതി മുന്നറിയിപ്പ് നൽകിയിരുന്നു.