hathras-case

ന്യൂഡൽഹി: ഉത്തർപ്രദേശിലെ ഹാഥ്‌രസിൽ 19കാരിയായ ദളിത് പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ അന്വേഷണം പ്രത്യേക സംഘം പൂർത്തിയാക്കി. റിപ്പോർട്ട് ഉടൻ കൈമാറുമെന്നാണ് വിവരം.

'പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോർട്ട് സർക്കാറിന് ഇന്ന് വൈകിട്ട് കൈമാറുമെന്ന്' ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. ഒക്‌ടോബർ ഏഴിന് റിപ്പോർട്ട് കൈമാറണമെന്ന് ആദ്യം നിർദേശിച്ചിരുന്നു. പീന്നീട് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് 10 ദിവസം കൂടി നൽകുകയായിരുന്നു.

സെപ്തംബർ 29നാണ് പെൺകുട്ടി മരണത്തിന് കീഴടങ്ങിയത്. 30നാണ് കേസ് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറിയത്. ഗ്രാമത്തിലെ മേൽജാതിക്കാരായ യുവാക്കൾ പെൺകുട്ടിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് വയലിൽ ഉപേക്ഷിക്കുകയായിരുന്നു.

പ്രത്യേക അന്വേഷണസംഘത്തിന്റെ ആദ്യഘട്ട റിപ്പോർട്ട് പ്രാകാരം ഒക്‌ടോബർ രണ്ടിന് ഹാഥ്‌രസ് പൊലീസ് സൂപ്രണ്ട്, ഡി.എസ്.പി, മുതിർന്ന പൊലീസ് ഓഫിസർമാർ തുടങ്ങിയവരെ സർക്കാർ സസ്‌പെൻഡ് ചെയ്തിരുന്നു. കേസിൽ സി.ബി.ഐയും അന്വേഷണം നടത്തുന്നുണ്ട്. സംഭവത്തിൽ നാലുപ്രതികൾ ഇതുവരെ അറസ്റ്റിലായി.