
ന്യൂഡൽഹി: പെൺകുട്ടികളുടെ വിവാഹ പ്രായം ഉയർത്തുന്നതിൽ വിദഗ്ദ്ധസമിതി റിപ്പോർട്ട് ലഭിച്ചാലുടൻ തീരുമാനമെടുക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. പെൺകുട്ടികളുടെ അനുയോജ്യ വിവാഹ പ്രായം സംബന്ധിച്ച ചർച്ചകൾ നടക്കുകയാണ്. ഇതിനായി രൂപീകരിച്ച കമ്മിറ്റി തീരുമാനം എടുക്കാത്തതിനെക്കുറിച്ച് രാജ്യത്തെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പെൺകുട്ടികൾ കത്തെഴുതി ചോദിക്കുന്നുണ്ട്. റിപ്പോർട്ട് വന്ന ഉടൻ തീരുമാനമെടുക്കുമെന്ന് ഉറപ്പ് നൽകുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. ഭക്ഷ്യ കാർഷിക സംഘടനയുടെ 75-ാം വാർഷികാഘോഷത്തോടനുബന്ധിച്ച് പുറത്തിറക്കിയ 75 രൂപാ നാണയത്തിന്റെ പ്രകാശനം നിർവഹിക്കുകയായിരുന്നു മോദി. നിലവിൽ 18 വയസാണ് പെൺകുട്ടികളുടെ വിവാഹ പ്രായം.