
ന്യൂഡൽഹി: 2021ലെ ജനസഖ്യാ കണക്കെടുപ്പിൽ രാജ്യത്തെ ഒ.ബി.സി വിഭാഗത്തിൽ ഉൾപ്പെട്ടിരിക്കുന്ന എത്രപേരുണ്ടെന്ന് പ്രത്യേകം കണക്കെടുക്കാൻ ആവശ്യപ്പെട്ടുള്ള പൊതുതാൽപര്യ ഹർജിയിൽ കേന്ദ്രത്തിനും ദേശീയ പിന്നാക്ക വിഭാഗ കമ്മീഷനും സുപ്രീംകോടതി നോട്ടീസ് അയച്ചു. നാലാഴ്ചയ്‌ക്കുള്ളിൽ മറുപടി നൽകണം.
അഭിഭാഷകരായ ആകൃതി ജയിൻ, സോണിയ സെയ്‌നി എന്നിവർ സമർപ്പിച്ച ഹർജിയിൽ അവസാനമായി ജാതി തിരിച്ചുള്ള സെൻസസ് നടന്നത് 1931ലാണെന്ന് പറയുന്നു. അടുത്തിടെ പാർലമെന്റിൽ സ്റ്റാന്റിംഗ് കമ്മിറ്റി റിപ്പോർട്ട് പ്രകാരം സാമൂഹികമായും സാമ്പത്തികമായും വിദ്യാഭ്യാസപരമായുമുള്ള ഉന്നമനം പിന്നാക്ക സമുദായത്തിൽപ്പെട്ടവർക്കുണ്ടാകുന്നുണ്ടോ എന്നറിയാനാകാത്തതിന് കാരണം പിന്നാക്ക സമുദായത്തിൽപ്പെട്ട എത്രപേർ രാജ്യത്തുണ്ട് എന്നത് സംബന്ധിച്ച് വ്യക്തമായ കണക്കില്ലാത്തതാണ്. അതിനാൽ അടുത്തതായി നടക്കുന്ന സെൻസസിൽ ഇവ പ്രത്യേകം രേഖപ്പെടുത്തുന്നതിലൂടെ പിന്നാക്ക വിഭാഗക്കാർക്ക് കൃത്യമായ സഹായങ്ങൾ എത്തിക്കാൻ കഴിയുമെന്നാണ് ഹർജിക്കാർ പറയുന്നത്.