
ന്യൂഡൽഹി: ദേശീയ മെഡിക്കൽ പ്രവേശനപരീക്ഷയിൽ (നീറ്റ്)നൂറ് ശതമാനം മാർക്കോടെ ( 720ൽ 720 ) പെർഫെക്ട് സ്കോർ നേടിയ ഒഡീഷ സ്വദേശി ഷോയേബ് അഫ്താബും ഡൽഹി സ്വദേശിനി ആകാംക്ഷ സിംഗും യഥാക്രമം ഒന്നും രണ്ടും റാങ്കുകൾ കരസ്ഥമാക്കി റെക്കാഡിട്ടു. നീറ്റിൽ ആദ്യമായാണ് ഈ നേട്ടം. രണ്ട് പേർക്കും ഫുൾ മാർക്കുണ്ടെങ്കിലും വെയിറ്റേജിന്റെ അടിസ്ഥാനത്തിലാണ് റാങ്ക്.
ആദ്യ അൻപത് റാങ്ക്‌കാരിൽ നാല് പേർ മലയാളികളാണ്. പന്ത്രണ്ടാം റാങ്ക് നേടിയ ഐഷ എസ് (710 മാർക്ക്) , 22ാം റാങ്കുള്ള ലുലു എ. (706 മാർക്ക്) , 25ാം റാങ്ക് നേടിയ സനീഷ് അഹമ്മദ് ( 705 മാർക്ക്) , 50ാം റാങ്ക് നേടിയ ഫിലമോൻ കുര്യാക്കോസ് (705 മാർക്ക്) എന്നിവർ. മാർക്കിനൊപ്പം മറ്റ് വെയിറ്റേജുകളും കണക്കാക്കിയാണ് റാങ്ക് നിശ്ചയിക്കുന്നത്.
6,18,075 ആൺകുട്ടികളും 7,48,866 പെൺകുട്ടികളുമാണ് പരീക്ഷ എഴുതിയത്.3,43,556 ആൺകുട്ടികളും 4,27,943 പെൺകുട്ടികളും യോഗ്യത നേടി. നാല് ട്രാൻസ്ജെൻഡർ കുട്ടികളിൽ ഒരാളും വിജയിച്ചു. കേരളത്തിൽ നിന്ന് പരീക്ഷ എഴുതിയ 92,911 വിദ്യാർത്ഥികളിൽ 59,404 പേർ റാങ്ക് ലിസ്റ്റിൽ ഇടം നേടി.വിജയ ശതമാനം 63.94.
ഇന്നലെ വൈകിട്ട് നാലിന് ഫലം പ്രഖ്യാപിക്കുമെന്ന് കേന്ദ്രവിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചിരുന്നെങ്കിലും ഏഴ് മണിയോടെയാണ് ഫലം വെബ്സൈറ്റിൽ വന്നത്. രാത്രി വൈകിയിട്ടും വെബ്‌സൈറ്റിന്റെ പ്രശ്‌നം പൂർണമായും പരിഹരിച്ചിട്ടില്ല. കൊവിഡ് മൂലം പലതവണ മാറ്റിവച്ച നീറ്റ് പരീക്ഷ സെപ്റ്റംബർ 13നാണ് നടത്തിയത്. 15.6 ലക്ഷം വിദ്യാർത്ഥികൾ രജിസ്റ്റർ ചെയ്തിരുന്നെങ്കിലും 14.37 ലക്ഷം പേണ് പരീക്ഷയ്ക്ക് ഹാജരായത്. രണ്ടു ലക്ഷത്തോളം പേർക്ക് കൊവിഡ് പശ്ചാത്തലത്തിൽ പരീക്ഷ എഴുതാനായില്ല. സുപ്രീംകോടതി നിർദേശപ്രകാരം ഇവർക്കായി ഒക്‌ടോബർ 14ന് പരീക്ഷ നടത്തിയിരുന്നു. രണ്ട് പരീക്ഷകളുടെയും ഫലമാണ് ഇന്നലെ പ്രസിദ്ധീകരിച്ചത്.
നാഷണൽ മെഡിക്കൽ കമ്മീഷന്റെ കൗൺസലിംഗ് പ്രകാരമാണ് മെഡിക്കൽ, ദന്തൽ കോളേജുകളിൽ പ്രവേശനം ലഭിക്കുക. സംശയങ്ങൾക്ക്: എൻ.ടി.എ ഹെൽപ്പ്‌ലൈൻ: 0120-6895200 (പകൽ 9.30 മുതൽ 6 വരെ ).മൊബൈൽ: 8076535482, 7703859909 ഇമെയിൽ: neetug-nta@nic.in