
ന്യൂഡൽഹി: കേന്ദ്രസർക്കാർ കൊണ്ടുവന്ന പുതിയ കാർഷിക നിയമങ്ങൾക്ക് പകരമായി സംസ്ഥാനങ്ങൾ പ്രത്യേക നിയമം പാസാക്കണമെന്ന് ആവശ്യപ്പെട്ട് നൂറ്റമ്പതിലേറെ കർഷകസംഘടനകളുടെ വേദിയായ രാഷ്ട്രീയ കിസാൻ മഹാസംഘ് മുഖ്യമന്ത്രിമാർക്ക് കത്തയച്ചു. പച്ചക്കറിക്ക് നവംബർ ഒന്നു മുതൽ മിനിമം താങ്ങുവില പ്രഖ്യാപിച്ച കേരള മോഡൽ മാതൃകയാക്കണം. മിനിമം താങ്ങുവിലയിൽ താഴെ കാർഷിക ഉത്പന്നങ്ങൾ വിൽക്കുന്നതും വാങ്ങുന്നതും നിരോധിക്കണം. വ്യവസ്ഥാലംഘനത്തിന് കടുത്ത ശിക്ഷ ചുമത്തണം. കർഷക സംഘടനകളുമായി ചർച്ച നടത്തി കർഷക സൗഹൃദ കരാർ കൃഷി നടപ്പാക്കണം. നിയമസാധുതയ്ക്കായി സുപ്രീംകോടതിയെ സമീപിക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടതായി കിസാൻ മഹാസംഘ് ദേശീയ കോ-ഓർഡിനേറ്റർ കെ.വി.ബിജു അറിയിച്ചു.