
ന്യൂഡൽഹി: അനുമതികൾ വേഗത്തിലായാൽ രാജ്യത്ത് അടുത്തവർഷം മാർച്ചോടെ കൊവിഡ് വാക്‌സിൻ പുറത്തിറക്കാമെന്ന് സീറം ഇൻസ്റ്റിറ്റ്യൂട്ട് എക്‌സിക്യൂട്ടീവ് ഡയറക്ടർ ഡോ. സുരേഷ് ജാധവ് അറിയിച്ചു.
ഡിസംബർ ആകുമ്പോഴേക്കും ഏഴ് കോടി ഡോസുകൾ നിർമ്മിക്കും. ലൈസൻസ് ലഭിച്ചാൽ 2021 ഓടെ മാർക്കറ്റിലെത്തിക്കാൻ കഴിയുമെന്നും സർക്കാരിന്റെ അനുമതികൾ ലഭിച്ചാൽ കൂടുതൽ ഡോസുകൾ നിർമ്മിക്കാമെന്നും അദ്ദേഹം ഒരു ദേശീയ മാദ്ധ്യമത്തോട് പറഞ്ഞു. പൂനെയിലെ സീറം ഇൻസ്റ്റിറ്റ്യൂട്ടിൽ ഓക്‌സ്‌ഫോഡ് വാക്‌സിൻ പരീക്ഷണമാണ് പുരോഗമിക്കുന്നത്.
ഇന്ത്യയിൽ രണ്ടു കമ്പനികളുടെ പരീക്ഷണം മൂന്നാംഘട്ടത്തിലാണ്. ഒരു വാക്‌സിൻ രണ്ടാംഘട്ടത്തിലുണ്ട്. കൂടുതൽ കമ്പനികൾ വാക്‌സിൻ വികസിപ്പിക്കാൻ മുന്നോട്ടുവരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അടുത്തവർഷം രണ്ടാം പാദത്തോടെ വാക്‌സിൻ ലഭ്യമായേക്കുമെന്ന് ലോകാരോഗ്യ സംഘടനയിലെ ശാസ്ത്രജ്ഞ ഡോ.സൗമ്യ സ്വാമിനാഥനും വ്യക്തമാക്കി
അതിനിടെ, ആദ്യഘട്ടത്തിൽ വാക്സിൻ നൽകേണ്ട മുൻഗണനാ വിഭാഗത്തെ കണ്ടെത്താൻ കേന്ദ്രസർക്കാർ നടപടി തുടങ്ങി. ആരോഗ്യപ്രവർത്തകർ, പൊലീസ്, ശുചീകരണ തൊഴിലാളികൾ, വൃദ്ധർ, മറ്റു അസുഖങ്ങളുള്ളവർ തുടങ്ങിയവരാണ് മുൻഗണനാവിഭാഗം.
70 ലക്ഷത്തോളം ആരോഗ്യപ്രവർത്തകർ, പൊലീസടക്കമുള്ള രണ്ടുകോടിയിലധികം മുന്നണിപ്രവർത്തകർ തുടങ്ങി 30 കോടിയോളം പേർക്കാണ് ആദ്യഘട്ടത്തിൽ വാക്സിൻ നൽകുകയെന്നാണ് റിപ്പോർട്ടുകൾ.
സ്‌ഫുട്‌നിക് വാക്‌സിന് പരീക്ഷണാനുമതി
റഷ്യയുടെ സ്‌ഫുട്‌നിക് വാക്‌സിൻ ഇന്ത്യയിൽ മനുഷ്യരിൽ പരീക്ഷിക്കാൻ കേന്ദ്ര അനുമതി. രണ്ട്, മൂന്ന് ഘട്ടം ക്ലിനിക്കൽ പരീക്ഷണത്തിന് ഡ്രഗ്‌സ് കൺട്രോളർ ജനറൽ ഒഫ് ഇന്ത്യയാണ് ഡോ.റെഡ്ഡീസിന് അനുമതി നൽകിയത്.
റഷ്യയിൽ വളരെ കുറിച്ച് ആളുകളിലാണ് വാക്‌സിൻ പരീക്ഷിച്ചത്. ഈ ആശങ്ക കണക്കിലെടുത്ത് നേരത്തെ പരീക്ഷണാനുമതി നിഷേധിച്ചിരുന്നു.