
ന്യൂഡൽഹി: ഉത്സവകാലത്ത് കൂടുതൽ ജാഗ്രത വേണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ശാരീരിക അകലം പാലിക്കൽ, മുഖാവരണം ധരിക്കൽ, കൈ കഴുകൽ തുടങ്ങിയവ തുടരണമെന്നും ഉത്സവസമയത്ത് ഇത് വളരെയധികം ശ്രദ്ധിക്കണമെന്നും അലംഭാവം പാടില്ലെന്നും അദ്ദേഹം നിർദ്ദേശിച്ചു.
കൊവിഡ് സ്ഥിതിയും വാക്സിൻ വികസന പുരോഗതിയും വിലയിരുത്താൻ ചേർന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രതിദിനമുള്ള കോവിഡ് കേസുകളിലും മരണനിരക്കിലും തുടർച്ചയായുള്ള കുറവ് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. രാജ്യത്ത് മൂന്ന് കോവിഡ് വാക്സിനുകൾ പുരോഗമനഘട്ടത്തിലാണ്, അതിൽ രണ്ടെണ്ണം രണ്ടാംഘട്ടത്തിലും ഒന്ന് മൂന്നാം ഘട്ടത്തിലുമാണ്. അഫ്ഗാനിസ്ഥാൻ, ഭൂട്ടാൻ, ബംഗ്ലാദേശ്, മാലദ്വീപ്, മൗറീഷ്യസ്, നേപ്പാൾ, ശ്രീലങ്ക തുടങ്ങിയ അയൽരാജ്യങ്ങളിലെ ഗവേഷണ ശേഷി ശക്തിപ്പെടുത്താൻ ഇന്ത്യൻ ശാസ്ത്രജ്ഞരും ഗവേഷണ ടീമുകളും സഹകരിക്കുന്നുണ്ട്. കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർദ്ധൻ, പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.