
ന്യൂഡൽഹി: അധികാരത്തിലെത്തിയാൽ കേന്ദ്രത്തിന്റെ വിവാദ കർഷക നിയമങ്ങളെ മറികടക്കാൻ പുതിയ നിയമം കൊണ്ടുവരുമെന്ന് ബീഹാറിൽ മഹാസഖ്യത്തിന്റെ പ്രകടന പത്രിക. 10 ലക്ഷം തൊഴിലുകൾ, കാർഷിക വായ്പകൾ എഴുതിത്തള്ളൽ തുടങ്ങി 25 ഇന പൊതുപരിപാടിയാണ് ആർ.ജെ.ഡി, കോൺഗ്രസ്, ഇടതുകക്ഷികൾ എന്നിവരടങ്ങിയ മഹാസഖ്യം മുന്നോട്ടുവയ്ക്കുന്നത്.
കരാർ അദ്ധ്യാപകർക്ക് തുല്യവേതനം, ജീവിതോപാധി പദ്ധതിയുടെ ഭാഗമായി പ്രവർത്തിക്കുന്ന വനിതകൾക്ക് നാലായിരം രൂപ പ്രതിമാസ ഓണറേറിയം, എല്ലാ പഞ്ചാത്തുകളിലും ഡോക്ടർമാരും നഴ്സുമാരും ഉൾപ്പെടെയുള്ള ക്ലിനിക്ക്, തൊഴിൽ പരീക്ഷകൾക്കുള്ള ഫീസ് ഒഴിവാക്കൽ, ഉദ്യോഗാർത്ഥികളുടെ യാത്രാചെലവ് വഹിക്കൽ തുടങ്ങിയ വാഗ്ദാനങ്ങളാണ് പ്രകടനപത്രികയിലുള്ളത്.
എൻ.ഡി.എ ഭരിച്ചിട്ട് പോലും ബീഹാറിനെ കേന്ദ്രം തഴഞ്ഞുവെന്ന് വാർത്താസമ്മേളനത്തിൽ തേജസ്വി യാദവ് പറഞ്ഞു.
നിതീഷ് കുമാർ അധികാരത്തിൽ തിരിച്ചെത്തില്ലെന്ന് ചിരാഗ്
നിതീഷ് കുമാർ മുഖ്യമന്ത്രിസ്ഥാനത്ത് തിരിച്ചെത്തില്ലെന്ന് എൽ.ജെ.പി അദ്ധ്യക്ഷൻ ചിരാഗ് പാസ്വാൻ. നിതീഷിനെതിരായി വലിയ ജനരോഷമുണ്ട്. തിരഞ്ഞെടുപ്പിന് ശേഷം ബി.ജെ.പി - എൽ.ജെ.പി സഖ്യം ബീഹാറിൽ സർക്കാർ രൂപീകരിക്കും. ജെ.ഡി.യു സമർദ്ദം കൊണ്ടാണ് തനിക്കെതിരായി ബി.ജെ.പി നേതാക്കൾ സംസാരിക്കുന്നത്. മോദിജിയുമായി വളരെ ആഴത്തിലുള്ള വ്യക്തിബന്ധമാണ് തനിക്കുള്ളതെന്നും തിരഞ്ഞെടുപ്പിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാമെന്ന ആത്മവിശ്വാസമുണ്ടെന്നും ചിരാഗ് ഒരു അഭിമുഖത്തിൽ പറഞ്ഞു.