
ന്യൂഡൽഹി: വടക്കൻ ഡൽഹിയിൽ ദളിത് പെൺകുട്ടിയുടെ ദുരൂഹമരണവുമായി ബന്ധപ്പെട്ട വാർത്ത റിപ്പോർട്ട് ചെയ്യാനെത്തിയ മാദ്ധ്യമപ്രവർത്തകനെ ഡൽഹി പൊലീസ് ക്രൂരമായി മർദ്ദിച്ചു. കാരവൻ മാസിക റിപ്പോർട്ടർ അഹൻ പെൻകറെ എ.സി.പി അജയ്‌കുമാറാണ് മർദ്ദിച്ചത്.
പെൺകുട്ടിയുടെ മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് വെള്ളിയാഴ്ച മോഡൽ ടൗൺ പൊലീസ് സ്റ്റേഷന് മുന്നിൽ വിദ്യാർത്ഥികളും സാമൂഹ്യ പ്രവർത്തകരും പ്രകടനം നടത്തിയിരുന്നു. ഇതിനെതിരായ പൊലീസ് നടപടി മൊബൈലിൽ പകർത്തിയ അഹനെ കസ്റ്റഡിയിൽ എടുത്ത് സ്റ്റേഷനിലെത്തിച്ചശേഷം മർദ്ദിക്കുകയായിരുന്നു. ഫോൺ പിടിച്ചെടുത്ത് ഫോട്ടോകളും വീഡിയോകളും പൊലീസ് ഡിലീറ്റ് ചെയ്തു.
നാലുമണിക്കൂറോളം കസ്റ്റഡിയിൽ വച്ച ശേഷമാണ് അഹനെ വിട്ടയച്ചത്. മുഖത്തും മുതുകിലും പരിക്കേറ്റ അഹൻ എ.സി.പിക്കെതിരെ കമ്മീഷണർക്ക് പരാതി നൽകിയിട്ടുണ്ട്.